വൈവിധ്യമാർന്ന സസ്യജന്തുജാല സമ്പത്തും വിഭിന്നങ്ങളായ വന നിരകളും വ്യത്യസ്തങ്ങളായ ഭൂപ്രകൃതിയും സംഗമിക്കുന്ന ശൈലാദ്രിഖണ്ഡമാണ് പശ്ചിമഘട്ട മലനിരകൾ. ഈയൊരു സവിശേഷതയാൽ ഇവിടം ഇന്ന് യുനെസ്കോയുടെ ലോക പൈതൃക സമ്പത്തിന്റെ ഭാഗവുമാണ്. വടക്ക് ഗുജറാത്തിലെ താപ്തി മുതൽ തെക്ക് തമിഴ് നാട്ടിലെ തോവാള വരെ 1500 കി.മീ. ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗിരിനിരകളുടെ ഭാഗമാണ് നമ്മുടെ കേരളം. വിവിധ തരം വനങ്ങൾ, നദികൾ, സംസ്ക്കാരങ്ങൾ, കൃഷി, ജീവിതശൈലികൾ എന്നിവ ചിട്ടപ്പെടുത്തുന്നതിൽ പശ്ചിമഘട്ടത്തിന് നിർണ്ണായകമായ പങ്കാണുള്ളത്.
പശ്ചിമഘട്ടത്തിന്റെ ഭാഗമായ വനങ്ങൾ സംഭാവന ചെയ്യുന്ന വിവിധയിനം വനവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം, പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവ ഉറപ്പ് വരുത്തുന്നതിനായി ആസൂത്രണത്തിൽ അധിഷ്ഠിതമായ പരിപാലനരീതികളാണ് കേരള വനം വകുപ്പ് നടപ്പാക്കി വരുന്നത്. ജൈവവൈവിധ്യ സംരക്ഷണം, വിവിധതരം ആവാസവ്യവസ്ഥാ സേവനങ്ങൾ, വന്യജീവിസംരക്ഷണം, കാട്ടുതീ നിയന്ത്രണം, കാലാവസ്ഥാവ്യതിയാന ലഘൂകരണം, വനസംരക്ഷണത്തിൽ പൊതുജനസംരക്ഷണം ഉറപ്പാക്കൽ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.
വനനശീകരണം, ആവാസവ്യവസ്ഥയുടെ ശിഥിലീകരണം, അധിനിവേശ ജീവിവർഗ്ഗങ്ങളുടെ വ്യാപനം, മനുഷ്യ-വന്യജീവി സംഘർഷം എന്നിവയാൽ പശ്ചിമഘട്ടത്തിലേയും കേരളത്തിലേയും വനവിഭവങ്ങളുടെ ആസൂത്രണത്തിൽ നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ട്.
1988-ലെ ദേശീയ വനനയം, 1972-ലെ വന്യജീവി സംരക്ഷണനിയമം, 2006-ലെ വനാവകാശനിയമം എന്നിവയുൾപ്പെടെയുള്ള വിവിധനയങ്ങളും നിയമങ്ങളുമാണ് പശ്ചിമഘട്ടത്തിലും കേരളത്തിലുമടക്കം ഇന്ത്യയിലെ വനവിഭവ ആസൂത്രണത്തെ മുന്നോട്ട് നയിക്കുന്നത്. ഇവ സുസ്ഥിര വനപരിപാലനത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമുള്ള ചട്ടക്കൂട് ഒരുക്കിനൽകുന്നു.
വെല്ലുവിളികളെ അഭിമുഖീകരിയ്ക്കുന്നതിനും ഫലപ്രദമായ സംരക്ഷണതന്ത്രങ്ങൾ നടപ്പിലാക്കുന്നതിനുമായി നടത്തുന്ന ശ്രമങ്ങൾ ഈ ആവാസവ്യവസ്ഥകളുടെ ദീർഘകാല ആരോഗ്യവും പ്രതിരോധശേഷി നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണ്.