വന്യജീവികളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും സംരക്ഷിത സങ്കേതങ്ങളാണ് ദേശീയോദ്യാനങ്ങൾ (നാഷണല്‍ പാര്‍ക്കുകള്‍). ജൈവവൈവിധ്യവും ലാന്‍ഡ്സ്കേപ്പും സംരക്ഷിക്കുന്നതിനോടൊപ്പം ഗവേഷണം, വിദ്യാഭ്യാസം, റെസ്പോണ്സിബിള് ടൂറിസം എന്നിവയ്ക്കുള്ള അവസരങ്ങളും അവ വാഗ്ദാനം ചെയ്യുന്നു. 1972 ലെ വന്യജീവി (സംരക്ഷണ) നിയമം അനുസരിച്ച് ഈ പാർക്കുകൾക്കുള്ളിലെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്നതിലൂടെ വന്യജീവി സംരക്ഷണത്തിന് മുൻഗണന നൽകുന്നു. എല്ലാവർക്കും ആരോഗ്യകരമായ ഒരു ഗ്രഹം ഉറപ്പാക്കുന്ന ദേശീയോദ്യാനങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന്റെ അടിസ്ഥാനശിലകളാണ്.
കേരളത്തിലെ നാഷണല്‍ പാര്‍ക്കുകളെ കുറിച്ച് കൂടുതല്‍ അറിയാം
സൈലന്റ് വാലി നാഷണൽ പാർക്ക്
കേരളത്തിലെ പാലക്കാട് ജില്ലയില്‍ നീലഗിരി മലനിരകളിൽ സ്ഥിതി ചെയ്യുന്ന സൈലന്റ് വാലി നാഷണൽ പാർക്ക് സമൃദ്ധമായ ജൈവവൈവിധ്യത്താലും പരിസ്ഥിതി പ്രാധാന്യത്താലും പ്രസിദ്ധമാണ്. 1985-ൽ ഇത് ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. ഈ പ്രദേശത്തെ ഉഷ്ണമേഖലാ ഈർപ്പമുള്ള നിത്യഹരിതവനങ്ങൾ നിരവധി തനത് സസ്യജാലങ്ങളുടെയും അപൂർവവും അതിജീവന ഭീഷണി നേരിടുന്നതുമായ വന്യജീവികളുടെയും ആവാസ കേന്ദ്രമാണ്. സിംഹവാലന്‍ കുരങ്ങ് (Macaca silenus), നീലഗിരി ലങ്കൂർ, മലയണ്ണാന് തുടങ്ങിയ ജീവികൾ ഇവിടെ കാണപ്പെടുന്നു. ശാന്തമായി ഒഴുകുന്ന കുന്തിപ്പുഴ ഈ സമൃദ്ധമായ ഇക്കോസിസ്റ്റത്തെ കൂടുതൽ സമ്പന്നമാകുന്നു. 1970-കളിൽ പരിസ്ഥിതിപ്രേമികൾ രൂപികരിച്ച “സൈലന്റ് വാലിയെ രക്ഷിക്കൂ” (സേവ് സൈലന്റ് വാലി മൂവ്മെന്റ്) പ്രസ്ഥാനത്തിന്റെ ഇടപെടലുകളുടെ ഫലമായി നിർദ്ധിഷ്ഠ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം നിർത്തി വക്കുകയും തുടര്‍ന്ന് 1985-ൽ ഔദ്യോഗികമായി ഈ പാർക്ക് സ്ഥാപിക്കപ്പെടുകയും ചെയ്തു . പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ ദേശീയോദ്യാനം ഇപ്പോൾ UNESCO ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിലുണ്ട്. ഇന്ന്, സൈലന്റ് വാലി ഒരു പരിസ്ഥിതി സംരക്ഷണ വിജയത്തിന്റെ സാക്ഷ്യപത്രമായ്, അനേകം ജീവജാലങ്ങൾക്ക് അഭയാരണ്യവും പ്രകൃതിസ്നേഹികൾക്ക് ഒരു ആകർഷണകേന്ദ്രവുമാണ്.
ഇരവികുളം ദേശീയോദ്യാനം
1978-ൽ സ്ഥാപിതമായ ഇരവികുളം ദേശീയോദ്യാനം, കേരളത്തിലെ ഇടുക്കി ജില്ലയിലും എറണാകുളം ജില്ലയുടെ ഒരു ചെറിയ ഭാഗത്തുമായാണ് സ്ഥിതി ചെയ്യുന്നത്. 97 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയിലുള്ള ഒരു സമൃദ്ധമായ വന്യജീവി സംരക്ഷിത പ്രദേശമാണ് ഈ നാഷണല്‍ പാര്‍ക്ക്. പശ്ചിമഘട്ടത്തിലെ കണ്ണൻദേവൻ മലനിരകളിൽ സ്ഥിതിചെയ്യുന്ന ഈ പാർക്ക്, 2,000 മീറ്ററിലധികം ഉയരമുള്ള പ്രദേശത്ത് പുൽമേടുകളും ചോലവനങ്ങളും സംയോജിക്കുന്ന ഒരു മനോഹരമായ പ്രദേശമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടി (2,695 മീ) ഈ ദേശീയോദ്യാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. വംശനാശ ഭീഷണി നേരിടുന്ന നീലഗിരി ഥാറിന്റെ (Nilgiritragus hylocrius) ഒരു വയബിള്‍ പോപ്പുലേഷന്‍ കാണാൻ കഴിയുന്ന മേഖലയാണ് ഇരവികുളം ദേശീയോദ്യാനം. കൂടാതെ, ഈ ഉദ്യാനം വേറിട്ടു നിൽക്കുന്നത് ഒരിക്കലും മറക്കാനാകാത്ത പ്രകൃതിയുടെ മറ്റൊരു അത്ഭുതം കൊണ്ടാണ് – ഒരു വ്യാഴവട്ടക്കാലത്ത് പൂക്കുന്ന നീലക്കുറിഞ്ഞി (Strobilanthes kunthiana). നീലക്കുറിഞ്ഞി പൂവിട്ടു കഴിഞ്ഞാല്‍ ‘നീലപ്പട്ടു’ടുത്ത പ്രകൃതിയായി മാറുന്നു ഈ പ്രദേശം. അവസാനമായി 2018-ലാണ് നീലക്കുറിഞ്ഞി പൂത്തത്. ഇനി ൨൦൩൦ വരെ കാത്തിരിക്കണം – മലയോരങ്ങളിൽ നീല നിറത്തിന്റെ, മേഘക്കടല്‍ പോലെയുള്ള ഈ അതുല്യ ദൃശ്യം കാണാന്‍. ഇരവികുളം ദേശീയോദ്യാനം ജൈവവൈവിധ്യ സംരക്ഷണത്തിനൊപ്പം പ്രകൃതിസ്നേഹികൾക്കും സന്ദർശകർക്കും ആവേശം പകരുന്ന ഒരു അതുല്യമായ സഞ്ചാരകേന്ദ്രവുമാണ്.
ആനമുടിചോല ദേശീയോദ്യാനം
കേരളത്തിലെ ഇടുക്കി ജില്ലയിലെ പശ്ചിമഘട്ട മേഖലയില്‍ സമൃദ്ധമായ ജൈവവൈവിധ്യത്താലും അപൂർവമായ ചോലവന-പുൽമേടു (Shola-Grassland) ഇക്കോസിസ്റ്റത്താലും പ്രശസ്തമാണ് ആനമുടിചോല ദേശീയോദ്യാനം. ഈ നാഷണല്‍ പാര്‍ക്ക് 7.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് വ്യാപിച്ചുകിടക്കുന്നത്. 2003-ൽ ഇത് ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. ഈ ഉദ്യാനം വംശനാശഭീഷണി നേരിടുന്ന നിരവധി വന്യജീവികളുടെ ആവാസവ്യവസ്ഥയാണ്. നീലഗിരി ഥാർ (Nilgiritragus hylocrius), ഇന്ത്യൻ കാട്ടുനായ (Cuon alpinus), നീലഗിരി മാർട്ടൻ (Martes gwatkinsii) എന്നിവയാണ് പ്രധാനപ്പെട്ടവ. കൂടാതെ, ഔഷധ സസ്യങ്ങളും ചോലവനങ്ങളും ഉൾക്കൊള്ളുന്ന സമൃദ്ധമായ സസ്യലോകവും ഇവിടെയുണ്ട്. പമ്പാർ, ചിന്നാർ തുടങ്ങിയ നദികളുടെ നീര്‍മറി പ്രദേശമാണ് ആനമുടിചോല ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ഉയർന്ന പ്രദേശമായതിനാല്‍ (High-altitude ecosystem), ഈ പ്രദേശത്തേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം നിയന്ത്രിച്ചാണ് ഈ മേഖല പരിപാലിച്ചു വരുന്നത്.
പാമ്പാടുംചോല ദേശീയോദ്യാനം
കേരളത്തിലെ ഇടുക്കി ജില്ലയിലെ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന പാമ്പാടുംചോല ദേശീയോദ്യാനം സംസ്ഥാനത്തെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്, വിസ്തൃതി 1.32 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള ഈ പ്രദേശം 2004-ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. തനതായ ചോലവന-പുൽമേടു (Shola-Grassland) ഇക്കോസിസ്റ്റത്തിന് പേരുകേട്ട ഈ ഉദ്യാനം, അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ നിരവധി ജീവജാലങ്ങൾക്ക് അഭയകേന്ദ്രമാണ്. അതിൽ നീലഗിരി മാർട്ടൻ (Martes gwatkinsii), ഇന്ത്യൻ കാട്ടുനായ (Cuon alpinus) എന്നിവയാണ് പ്രധാനപ്പെട്ടവ. പാമ്പാടുംചോല ഒരു പ്രധാന വന്യജീവി ഇടനാഴി കൂടി ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇരവികുളം ദേശീയോദ്യാനത്തെയും പളനി മലനിരകളെയും ബന്ധിപ്പിച്ച് നിരവധി മൃഗങ്ങൾക്ക് സ്വതന്ത്രമായ സഞ്ചാരത്തിനു ഈ പ്രദേശം വഴിയൊരുക്കുന്നു. നിരവധി ഔഷധസസ്യങ്ങളും എവർഗ്രീൻ മരങ്ങളും ഇവിടത്തെ ജൈവവൈവിധ്യത്തെ കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നു. പ്രകൃതിയുടെ മനോഹാരിത അനുഭവിക്കാനും ട്രക്കിംഗിനും ഇക്കോ-സ്റ്റേ അനുഭവങ്ങൾക്കുമായി പാമ്പാടുംചോല ദേശീയോദ്യാനം പ്രകൃതിസ്നേഹികളുടെയും സാഹസിക യാത്രികരുടേയും പ്രിയപ്പെട്ട പ്രദേശമായി മാറിയിട്ടുണ്ട്.
മതിക്കെട്ടാൻചോല ദേശീയോദ്യാനം
കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മതിക്കെട്ടാൻചോല ദേശീയോദ്യാനം, 12.82 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അപൂർവമായ ആവാസവ്യസ്ഥയാല് പ്രസിദ്ധമാണ്. 2003-ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ഈ പ്രദേശം, തനതായതും വംശനാശ ഭീഷണി നേരിടുന്നവുമായ ജീവജാലങ്ങളെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഈ ഉദ്യാനം ആന (Elephas maximus indicus), നീലഗിരി മാർട്ടൻ (Martes gwatkinsii), കാട്ടു പോത്ത് (Bos gaurus) എന്നിവയുടെ ആവാസവ്യവസ്ഥയാണ്. കൂടാതെ, പെരിയാർ കടുവാ സംരക്ഷണ കേന്ദ്രത്തെയും ഇരവികുളം ദേശീയോദ്യാനത്തെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന വന്യജീവി ഇടനാഴി കൂടിയാണിത്. പശ്ചിമഘട്ടത്തിന്റെ സമൃദ്ധമായ പരിസ്ഥിതി നിലനിർത്തുന്നതിനും വനമേഖലയിലെ ജലസുരക്ഷ ഉറപ്പാക്കുന്നതിലും മതിക്കെട്ടാൻചോല ഒരു നിർണായക പങ്ക് വഹിക്കുന്നു. അപൂർവമായ ഔഷധസസ്യങ്ങളും, ഓർക്കിഡുകളുമുള്ള സമ്പന്നമായ സസ്യലോകം ഇതിന്റെ മറ്റൊരു സവിശേഷതയാണ്. പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിമിതമായ ഇക്കോ-ടൂറിസം പ്രവർത്തനങ്ങൾ മാത്രമേ ഇവിടെ അനുവദിച്ചിട്ടുള്ളൂ. പ്രകൃതിയുടെ സൗന്ദര്യവും പാരിസ്ഥിതിക -ജല സുരക്ഷ ഉറപ്പാക്കുന്നതിലെ പങ്കും ഒരു പോലെ വഹിക്കുന്ന ഒരു അമൂല്യമായ വനമേഖലയായി മതിക്കെട്ടാൻചോല ദേശീയോദ്യാനം തുടരുന്നു.