Kerala Forest Department

വിവിധവിഭാഗങ്ങള്‍

വകുപ്പിന്റെ കീഴിലെ വിവിധ വിഭാഗങ്ങളുടെ പ്രധാന ചുമതലകൾ:

ഫോറസ്റ്റ് മാനേജ്മെന്റ് വിഭാഗം

വനം കയ്യേറ്റം, അനധികൃത മരംമുറി, വന്യമൃഗവേട്ട തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ നടപടി സ്വീകരിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നത് ഈ വിഭാഗമാണ്‌. സുരക്ഷയ്ക്കപ്പുറം, എല്ലാ ഫീൽഡ് ഫോർമേഷനുകളും എൻഫോഴ്സർമെന്‍റ്  പ്രവർ ത്തനങ്ങള്‍ കൃത്യമായി ചെയ്യുന്നു എന്ന് ഈ വിംഗ് ഉറപ്പാക്കുന്നു. വനസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളും  ചട്ടങ്ങളും കൃത്യമായി നടപ്പിലാക്കുന്നുണ്ട് എന്നും ഈ വിഭാഗമാണ്‌ ഉറപ്പു വരുത്തുന്നത്.

വന വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നടപടിക്രമങ്ങള്‍ പാലിക്കുന്നു എന്നത് ഉറപ്പു വരുത്തുന്നതും  ഫോറസ്റ്റ് മാനേജ്മെന്റ് വിഭാഗമാണ്. തടി അധിഷ്ടിത വ്യവസായങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കളുടെ allotment നടത്തുന്നത്,  വന ഉൽപ്പന്നങ്ങളുടെ വിൽപ്പന വില നിർണ്ണയിക്കുന്നത്, ആവശ്യാനുസരണം ഷെഡ്യൂൾ റേറ്റ്  നിരക്കുകൾ പരിഷ്കരിക്കുന്നത് തുടങ്ങിയവയും ഈ വിഭാഗത്തില്‍ കൈകാര്യം ചെയ്തു വരുന്നു. കൂടാതെ, തടിയുടെ വിൽപ്പന വ്യവസ്ഥകളുടെ മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു.

സംരക്ഷിത വനമേഖല ശൃംഖലയുടെ (Protected Area Network) പരിധിയിൽ വരാത്ത വനമേഖലകളിലെ  പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നത് ഈ വിഭാഗം ആണ്. കൂടാതെ, ഫോറസ്റ്റ് സ്റ്റേഷനുകളും ചെക്ക്പോസ്റ്റുകളും ഉൾപ്പെടെ വിവിധ ഫീൽഡ് ഫോർമേഷനുകളുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുകയും അവയുടെ കൃത്യമായ പ്രവർത്തനം ഉറപ്പാക്കുകയും ചെയ്യുന്നു.

ചന്ദന സംരക്ഷണത്തിന് വേണ്ട മാനേജ്മെന്റ് രീതികളും കർശനമായ നിരീക്ഷണത്തിനും വേണ്ട മാര്ഗ്ഗനിര്‍ധേശങ്ങള്‍  നല്‍കുന്നതും ഈ വിഭാഗമാണ്‌. പ്രസക്തമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും വനഭൂമി പാട്ടത്തിന് നൽകുന്നത് കൈകാര്യം ചെയ്യുന്നതും ഫോറസ്റ്റ് മാനേജ്മെന്റ് വിഭാഗമാണ്.

വന്യജീവി വിഭാഗം

സംസ്ഥാനത്തെ സംരക്ഷിത വനമേഖല ശൃംഖലയുടെയും (Protected Area Network) വന്യജീവികളുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണമാണ് വന്യജീവി വിഭാഗത്തിന്റെ പ്രധാന ചുമതല. 1972-ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് സംസ്ഥാനത്തിലെ സംരക്ഷിത മേഖലകൾ പരിപാലിക്കപ്പെടുന്നത്. ഇപ്പോൾ മൂന്ന് വന്യജീവി സർക്കിളുകളുടെ കീഴിൽ 11 വന്യജീവി ഡിവിഷനുകളുണ്ട്. സംരക്ഷിത മേഖലാശ്യംഖലയിലുൾപ്പെടുന്ന 6 ദേശീയോദ്യാനങ്ങൾ, 18 വന്യജീവിസങ്കേതങ്ങൾ, (2 കടുവാസങ്കേതങ്ങൾ, 2 പക്ഷിസങ്കേതങ്ങൾ, 1 മയിൽ സങ്കേതം ഇവയടക്കം) ഒരു കമ്യൂണിറ്റി റിസർവ് (സമൂഹസംരക്ഷണ കേന്ദ്രം) എന്നിവയടക്കമുള്ളവയുടെ പരിപാലനം ഉറപ്പു വരുത്തുന്നത് ഈ വിഭാഗമാണ്‌.

ഫിനാന്‍സ്, ബജറ്റ് & ഓഡിറ്റ്‌ വിഭാഗം

സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ധനസഹായം നല്‍കുന്ന വ്യത്യസ്ത മേഖലകളിലെ വിവിധ വികസന പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും നടത്തിപ്പിന്റെ ചുമതല  ഈ വിഭാഗത്തിലാണ് കൈകാര്യം ചെയ്യുന്നത്.

ഈ വിഭാഗത്തിന്റെ നേതൃത്വം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റര്‍ (ഫിനാന്‍സ്, ബജറ്റ് & ഓഡിറ്റ്‌) നാണ്. ഈ വിഭാഗത്തില്‍ പ്രധാനമായും ആസൂത്രണം, അക്കൌണ്ട്സ്, ഓഡിറ്റ്‌, സ്റ്റാറ്റിസ്റ്റിക്സ് സെക്ഷൻ എന്നിവയാണ് ഉള്ളത്. ആസൂത്രണ വിഭാഗം പഞ്ചവത്സരപദ്ധതികൾ, വാർഷിക പദ്ധതികൾ,  വകുപ്പിലെ വിവിധഘടകങ്ങൾക്ക് ബജറ്റ് അനുവദിക്കൽ എന്നിവയാണ് ചെയ്യുന്നത്.  ഓഡിറ്റ്‌ വിഭാഗം, കണക്കുകൾ, റിപ്പോർട്ടുകൾ എന്നിവ അക്കൗണ്ടന്റ് ജനറൽ, കംപ്ട്രോളർ ആന്റ് ആഡിറ്റർ ജനറൽ ഓഫ് ഇന്ത്യ എന്നിവർക്ക്  സമർപ്പിക്കുന്നതിന്റെ മേല്‍നോട്ടം  വഹിക്കുന്നു. സ്ഥിതിവിവരക്കണക്ക് വിഭാഗത്തിന്റെ (Statistics) തലവൻ ഡെപ്യൂട്ടി ഡയറക്ടർ (സ്ഥിതിവിവരക്കണക്ക്) ആണ്. സഹായത്തിന് രണ്ടു Research Assistant കളും, നാല്  Statistical Assistant കളും ഉണ്ട്. വിവിധ വനം സർക്കിളുകളിലെയും ഡിവിഷനുകളിലെയും Statistical Assistant വിവരശേഖരണവും സമാഹരണവും നടത്തുന്നു. അങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഓരോ വർഷവും ഫോറസ്ട്രി ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആസ്ഥാന കാര്യാലയത്തില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ നടത്തുന്നു. വകുപ്പ് നടപ്പാക്കുന്ന വിവിധപദ്ധതി-പദ്ധതിയേതര പ്രതിമാസ പുരോഗതി റിപ്പോർട്ട്, വകുപ്പിന്റെ വാർഷിക ഭരണ റിപ്പോർട്ട്, Forest statistics എന്ന വാർഷിക പ്രസിദ്ധീകരണവും തയാറാക്കുന്നതിന്റെ ഉത്തരവാദിത്തം സ്ഥിതിവിവര വിഭാഗത്തിനാണ്.

ഭരണവിഭാഗം

വനം വകുപ്പിലെ പൊതുഭരണത്തിന്റെ ചുമതല ഭരണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആണ് നിർവഹിക്കുന്നത്. കേരള സംസ്ഥാന വനം സർവ്വീസ്, കേരള സംസ്ഥാന വനം സബോർഡിനേറ്റ് സർവ്വീസ്, ലാസ്റ്റ്ഗ്രേഡ്-പാർട്ട്ടൈം കണ്ടിൻജന്റ് സേവനങ്ങൾ എന്നിവയിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും തിരഞ്ഞെടുക്കൽ, നിയമനം, സ്ഥാനക്കയറ്റം, സ്ഥലമാറ്റം, അച്ചടക്ക നടപടി, അടുത്തൂൺ, യാത്രാബത്ത അനുവദിക്കൽ, വൈദ്യശുശ്രൂഷാവകാശങ്ങൾ, വായ്പകൾ, മുൻകൂർ പണം നൽകൽ എന്നിവയുടെ നിർവഹണം/ മേല്‍നോട്ടം ഭരണ വിഭാഗത്തിനാണ്. വൈൽഡ് ലൈഫ് അസിസ്റ്റന്റുമാർ/വന്യജീവി വിദ്യാഭ്യാസത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ,  ഡെപ്യൂട്ടെഷന്‍ വഴി  താല്‍ക്കാലികാടിസ്ഥാനത്തിൽ എത്തിയവർ തുടങ്ങിയ പ്രത്യേക വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരുടെ സേവനകാര്യങ്ങളും ഭരണവിഭാഗത്തിന്റെ ഉത്തരവാദിത്തത്തിൽപ്പെടും.

ഇക്കോഡവലപ്പ്മെന്റ്  & ട്രൈബൽ വെൽഫെയർ വിംഗ്

വനവാസികളായ പട്ടികവർക്കാരുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള പരിപാടികൾ ഏറ്റെടുത്ത് നടപ്പാക്കുകയാണ് ഈ വിഭാഗത്തിന്റെ പ്രധാന ചുമതല. കൂടാതെ, ഇക്കോടൂറിസം പദ്ധതികള്‍, പി.എഫ്.എം ഇൻഷുറൻസ്, Ecosystem Monitoring Fund (EMF) എന്നിവയുടെ മേല്‍നോട്ടവും ഈ വിഭാഗമാണ്‌ ചെയ്യുന്നത്.

.എഫ്.എൽ വിഭാഗം (പരിസ്ഥിതി ദുർബല പ്രദേശം)

കേരള വന പരിസ്ഥിതിലോല ഭൂമിയുടെ (നിക്ഷിപ്തമാക്കലും നടത്തിപ്പും) നിയമം, 2003 സംസ്ഥാനത്തെ പരിസ്ഥിതിലോലഭൂമി കേരളസർക്കാരിൽ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള ഒരു നിയമമാണ്. ഈ നിയമം നടപ്പിലാക്കും മുമ്പ് കേരള വന (പരിസ്ഥിതി ലോലഭൂമിയുടെ നിക്ഷിപ്തമാക്കലും നടത്തിപ്പും) ഓർഡിനൻസ് (06/2000) പ്രസിദ്ധപ്പെടുത്തുകയും. 02.06.2000 മുതൽ അത് നടപ്പിലാക്കുകയും  ചെയ്തിരുന്നു. 2005-ലെ ആക്ട് 21 നടപ്പിലാക്കുന്നതു വരെ, പരിസ്ഥിതിലോലഭൂമിയുടെ കൈവശക്കാരൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായിരുന്നു. 23.11.2005-ൽ ഒരു പ്രത്യേക വിഭാഗം സ്ഥാപിക്കുകയും ഇ.എഫ്.എല്ലിന്റെ കൈവശക്കാരനായി (EFL Custodian) ഒരു മുഖ്യവനപാലകൻ നിയമിക്കുകയും ചെയ്തു.

വിവര സാങ്കേതിക വിഭാഗം

കേരള വനം വകുപ്പ് യൂണിറ്റുകൾക്കുള്ളിലേക്കുള്ള വിവരങ്ങളുടെ പ്രവാഹം സുഗമമാക്കുന്ന, കടമ ചെയ്യാൻ ഐ.റ്റി ശാഖ ചുമതലപ്പെട്ടിരിക്കുന്നു. അതിനുവേണ്ടി തന്ത്രപരമായ ആസൂത്രണത്തിന് കാര്യക്ഷമമായ സങ്കേതങ്ങൾ മെനയുകയും വിവരസാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗപ്പെടുത്തലിന് തക്കവിധത്തിൽ കേരള വനം വകുപ്പ് ജീവനക്കരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യണം. കേരള വനം വകുപ്പിന്റെ പ്രവർത്തനങ്ങളുടെ കമ്പ്യൂട്ടർവൽക്കരണം, കേരള വനം വകുപ്പിന്  വേണ്ടി ഹാർഡ് വെയറും, സോഫ്റ്റ് വെയറും സംഭരിക്കുക, അതിന്റെ ഉപയോഗത്തിനായി ഭൂമിശാസ്ത്രപരമായ വിവരവ്യവസ്ഥയുടെ പരിപാലനവും വികസനവും, വനം വകുപ്പിന് വേണ്ടി വെബ്സൈറ്റ് നിർമ്മിക്കലും പരിപാലനവും, ജി.ഐ.എസ് മുതലായവയും ഈ ശാഖയുടെ മുഖ്യകർമ്മങ്ങളാണ്. ഇ-ലേലം, ഇ-ഓഫീസ്, ഡിജിറ്റൽ സേവനം നൽകൽ തുടങ്ങിയ വിവിധ ഇ-ഭരണ സമ്പ്രദായങ്ങളുടെ നടപ്പിലാക്കലും ഈ ശാഖയുടെ ഉത്തരവാദിത്തമാണ്.

മനുഷ്യവിഭവശേഷി വികസന വിഭാഗം

വകുപ്പിലെ ജീവനക്കാരുടെ കഴിവ് മെച്ചപ്പെടുത്താനായും, നിയമപരമായി നല്‍കേണ്ട പരിശീലനങ്ങള്‍ നല്‍കുന്നതിനുമായി വനംവകുപ്പില്‍ 1990-ൽ പരിശീലന വിഭാഗം ആരംഭിച്ചു. 04/10/2004 തീയതിയിലെ GO (RT) 411/2004/F&WLD പ്രകാരമാണ് HRD ഒരു  സ്വതന്ത്രകാര്യാലയമായി സ്ഥാപിക്കപ്പെട്ടത്.  സംസ്ഥാന വനപരിശീലനകേന്ദ്രം അരിപ്പ, സംസ്ഥാന വനപരിശീലന കേന്ദ്രം വാളയാർ എന്നിങ്ങനെ രണ്ട് അനുബന്ധ സ്ഥാപനങ്ങളാണ് മാനവവിഭവശേഷി വിഭാഗത്തിനുള്ളത്. വാളയാറിലെയും അരിപ്പയിലേയും സംസ്ഥാന വനപരിശീലനകേന്ദ്രങ്ങൾ, പി.റ്റി.പി നഗറിലുള്ള വന പരിശീലന കേന്ദ്രം, തിരുവനന്തപുരം ഫോറസ്റ്റ് മ്യൂസിയം, പരിശീലനാർത്ഥികൾക്കുള്ള ഹോസ്റ്റൽ കൂടാതെ തിരുവനന്തപുരം വനം വകുപ്പാസ്ഥാനത്തെ ഫോറസ്റ്റ് സെൻട്രൽ ലൈബ്രറിയും മാനവവിഭവശേഷി വിഭാഗം ഫോറസ്റ്റ് കൺസർവേറ്ററിന്റെ ഭരണ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. Read More

സാമൂഹിക വനവൽക്കരണ വിഭാഗം

സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളുടെ ഇടപെടലുകളോടുകൂടി ഒരു ജനകീയപദ്ധതി എന്ന നിലയിൽ വനങ്ങൾക്ക് പുറത്ത് വനവൽക്കരണം നടത്തുന്നതിനുള്ള അധികാരം സാമൂഹിക വനവൽക്കരണ ശാഖയ്ക്കാണ്. അതിനുവേണ്ടി റെയിൽവെ ലൈനുകളുടെയും റോഡുകളുടെയും വശങ്ങളിലും റവന്യൂ പുറമ്പോക്കുകളിലും നീരൊഴുക്കുകളുടെ കരകളിലും സർക്കാർ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും വൃക്ഷങ്ങൾ നടുന്ന നടപടി സാധാരണയായി ഏറ്റെടുത്തിട്ടുണ്ട്. വിറകിനും തടി ഉരുപ്പടികൾക്കും, വളങ്ങൾക്കും വേണ്ടിയും പരമ്പരാഗത വനമേഖലകൾക്കുമേൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദം കുറയ്ക്കുന്നതിനും ആവശ്യങ്ങൾ പരിഹരിക്കുന്നതിനും ഉദ്ദേശിച്ച് സാമൂഹിക വനവൽക്കരണ വിഭാഗം വിവിധ ഇനം സസ്യങ്ങളുടെ മുളകൾ വളർത്തി വിതരണം ചെയ്യുകയും പൊതുജനങ്ങൾ അവ നട്ടുവളർത്തുകയും ചെയ്യുന്നു.

ഈ വകുപ്പിന്റെ പൊതുജനസമ്പർക്കത്തിനും വിപുലീകരണ പ്രവർത്തനങ്ങൾക്കുമുള്ള സഹായഹസ്തമാണ്  ഫോറസ്ട്രി ഇൻഫോർമേഷൻ ബ്യൂറോ (FIB). വകുപ്പിന്റെ വിവിധതരം പ്രവർത്തനങ്ങളെ സംബന്ധിച്ച കൈപ്പുസ്തകങ്ങൾ, ലഘുലേഖകൾ എന്നിവയുടെ അച്ചടിയും പ്രസാധനവും, ലോക വനശാസ്ത്രദിനം, ലോകഭൗമദിനം, ലോകപരിസ്ഥിതി ദിനം, വന്യജീവിവാരം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വമ്പിച്ച പ്രചാരണം നല്കൽ എന്നീ ചുമതലകളും ഈ വിഭാഗത്തിനു കീഴിൽ വരുന്നുണ്ട്. വകുപ്പിന്റെ സംസ്ഥാനതല പരിപാടികളുടെ ഭാഗമായി മാധ്യമങ്ങൾക്കുവേണ്ടി പരസ്യങ്ങൾ രൂപപ്പെടുത്തി വിതരണം ചെയ്യുന്നതും, ഫീൽഡ് ഓഫീസ് പ്രദർശന വസ്തുക്കൾ രൂപപ്പെടുത്തുന്നതും വികസിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും ഡോക്യുമെന്ററി സിനിമകൾ നിർമ്മിക്കുന്നതും പൊതുവായ പ്രചാരണം സംഘടിപ്പിക്കുന്നതുമൊക്കെ എഫ്.ഐ.ബിയുടെ ചുമതലയിൽ ഉൾപ്പെടുന്നു.

പ്രത്യേക വനവൽക്കരണ വിഭാഗം

സംസ്ഥാനത്ത് 1980-ലെ വന (സംരക്ഷണ) നിയമം നടപ്പാക്കുകയും അത് നിരീക്ഷിച്ച് നിയന്ത്രിക്കുകയും ചെയ്യുന്നത് പ്രത്യേകം വനവൽക്കരണ വിഭാഗത്തിന്റെ ചുമതലയാണ്. 1980-ലെ വന (സംരക്ഷണ) നിയമത്തിന്റെ വെളിച്ചത്തിൽ അതു സംബന്ധിച്ചുള്ള ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കും കേന്ദ്രസർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായി, വനഭൂമി വനേതരാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനു വേണ്ടി വനങ്ങൾ വെട്ടിത്തെളിക്കുന്നതിനായി ലഭിച്ചിട്ടുള്ള അപേക്ഷകളിന്മേൽ നടപടി സ്വീകരിക്കുന്നതിനുള്ള ചുമതല നോഡൽ ഓഫീസർമാർ നിർവഹിക്കുന്നു.

ജാഗ്രതയും വനരഹസ്യാന്വേഷണവും വിഭാഗം

വിജിലൻസ് വിഭാഗത്തിന്റെ പ്രവർത്തനം സ്വതന്ത്രമാണ്. മിക്ക പരാതികളിലും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ജാഗ്രതയും വനരഹസ്യാന്വേഷണവും) ഒരു പകർപ്പ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സിന് നല്‍കുന്നതോടൊപ്പം റിപ്പോർട്ട് സർക്കാരിന് നേരിട്ട് സമർപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ശാഖ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത് എന്നകാര്യം ശ്രദ്ധിക്കണം. വസ്തുനിഷ്ഠമായ കാരണങ്ങളാൽ ഈ വിഭാഗത്തിന് റെയ്ഞ്ചുകൾ, ഡിവിഷനുകൾ, സർക്കിളുകൾ എന്നിവയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകൾ, പ്രവൃത്തികൾ, രേഖകൾ,  മറ്റാവശ്യങ്ങൾ എന്നിവയെല്ലാം അന്വേഷിക്കാം. പക്ഷേ, ഇത്തരം നടപടികൾ കൃത്യമായ ചട്ടങ്ങളും ക്രമങ്ങളുമനുസരിച്ചായിരിക്കണം.

പരാതികളും ആക്ഷേപങ്ങളും സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനകം തീർപ്പ്കല്‍പ്പിക്കാനാണ് ഈ വിഭാഗത്തിന്റെ ശ്രമം. ഒരു നിശ്ചിതസമയത്ത് ഫ്ളൈയിങ് സ്ക്വാഡ് ഡിവിഷന് വിധേയമായി അന്വേഷണത്തിന് ശരാശരി 10 പരാതികളെങ്കിലും ഉണ്ടായിരിക്കാനുള്ള സാധ്യത പരിഗണിച്ചാണ് പ്രവർത്തനക്രമം നിശ്ചയിച്ചിരിക്കുന്നത്. സാധാരണയായി അന്വേഷണോദ്യോഗസ്ഥന്‍ ആക്ഷേപം കിട്ടിയ ഉടൻതന്നെ അന്വേഷണം ആരംഭിക്കുകയും മിക്കകേസുകളിലും ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കുകയും ചെയ്യണം. വനം രഹസ്യാന്വേഷണ ഘടകം ഫോറസ്റ്റ് ഇന്റലിജൻസ് സെൽ 2001-ൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (ജാഗ്രത) കീഴിലാണ് സ്ഥാപിക്കപ്പെട്ടത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഒരു റെയ്ഞ്ച് ഓഫീസറും 10 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും രഹസ്യാന്വേഷണ വിവരശേഖരണത്തിനായുള്ള നടപടികൾ നടത്തുന്നു. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ജാഗ്രതയും വനം രഹസ്യാന്വേഷണവും)-ന്റെ ഓഫീസിലെ തന്റെ സാധാരണ ചുമതലകൾക്കു പുറമേ ഈ ഘടകത്തിന്റെ മേൽനോട്ടവും നടത്തുന്നു. വനരഹസ്യാന്വേഷണ ഘടകം രഹസ്യമായി ശേഖരിച്ച വിവരങ്ങളുടെ ഫലമായി ഗൗരവതരമായ കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിനും വന്യജീവിക്കുറ്റങ്ങളിൽ, കുറ്റാരോപിതരെ അറസ്റ്റ് ചെയ്യുന്നതിനും കഴിഞ്ഞിട്ടുണ്ട്.

 

വർക്കിംഗ് പ്ലാൻ &റിസർച്ച് വിഭാഗം

പ്രവർത്തന പദ്ധതി (വർക്കിംഗ് പ്ലാൻ) വനപരിപാലന തന്ത്രത്തെ നയിക്കുന്നതിനുള്ള പ്രധാനരേഖയാണ്. നയത്തിന്റെ തുടർച്ച ലക്ഷ്യമാക്കി എഴുതപ്പെട്ട ഒരു പരിപാലന ക്രമമെന്ന് അത് നിർവചിക്കപ്പെട്ടിരിക്കുന്നു. 25 ടെറിട്ടോറിയൽ ഡിവിഷനുകൾക്കുള്ള പ്രവൃത്തിപദ്ധതികൾ തയ്യാറാക്കൽ ഈ ശാഖയുടെ ചുമതലയാണ്. കൂടാതെ ചൂരൽ, ഈറ, മുള തുടങ്ങിയ വിവിധവിഭവങ്ങളുടെ ലഭ്യത വിലയിരുത്താനുള്ള ഉത്തരവാദിത്തം തൃശ്ശൂരിലെ Forest Resource Survey Cell(FRSC)-നാണ്. തിരുവനന്തപുരത്തും തൃശ്ശൂരുമായി രണ്ട് ഗവേഷണ വിഭാഗങ്ങളുണ്ട്. അവ വ്യത്യസ്തങ്ങളായ വനവിഭവ വളർച്ച, ഘടന, ഗുണമൂല്യം എന്നിവയെ സംബന്ധിച്ചും Permanent Preservation Plot സംബന്ധിച്ചുമുള്ള ഗവേഷണങ്ങൾ നടത്തുന്നു. റ്റി ബി ജി ആർ ഐ, കെ എഫ് ആർ ഐ, ഐ എഫ് ജി ടി ബി തുടങ്ങിയ വിവിധ ഗവേഷണ സ്ഥാപനങ്ങളുമായി പരസ്പരം ബന്ധപ്പെട്ടാണ് ഈ രണ്ട് ഗവേഷണ വിഭാഗങ്ങളും പ്രവർത്തിക്കുന്നത്. ഈ നടപടി മുഖ്യമായും ബഹുസ്ഥല പരീക്ഷണങ്ങളേറ്റെടുക്കുന്നതിലും ഗവേഷണ ഫലങ്ങളുടെ പ്രയുക്തത പ്രാദേശിക സാഹചര്യങ്ങളിൽ പരിശോധിക്കുന്നതിലുമാണ്.

Scroll to Top