അറബികടലിനോട് ചേർന്നു കിടക്കുന്ന പ്രകൃതിരമണീയമായ ഭൂപ്രദേശമാണ് കേരളം. ഏകദേശം 600 കിലോമീറ്റർ നീളമുള്ള കടൽ തീരവും പശ്ചിമഘട്ടത്തിന്റെ പച്ചപ്പും ചേർന്ന് അണിയിച്ചൊരുക്കിയ ജൈവവൈവിധ്യത്തിന്റെ കേദാരഭൂവാണിവിടം. ഈ തെക്കു പടിഞ്ഞാറൻ സംസ്ഥാനത്തിന്റെ മറ്റൊരു പ്രത്യേകത കേരവൃക്ഷങ്ങളും, ബീച്ചുകളും സുന്ദരമായ കായലുകളുമാണ്.
കേരളത്തിന്റെ ഭൂപ്രദേശത്തിന്റെ 29 ശതമാനവും നിബിഡ വനങ്ങളാണ്. ഇന്ത്യയിലുള്ള 25% സസ്യജാല ഇനങ്ങളും ഈ വനങ്ങളിൽ കാണപ്പെടുന്നു. 1,272 ഇനം സസ്യജാലങ്ങളും ഔഷധ സസ്യങ്ങളും കേരളത്തില്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
Read More
കേരളത്തില്‍ 6 ദേശീയ ഉദ്യാനങ്ങളും, 18 വന്യജീവി സങ്കേതങ്ങളും ആണ് ഉള്ളത്. ലോകത്തിലെ എട്ട് ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന പശ്ചിമഘട്ടം, ഏഷ്യൻ ആന, സിംഹവാലൻ കുരങ്ങ്, വരയാട് എന്നിവയുൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിർണായക ആവാസവ്യവസ്ഥയാണ്.
പാരിസ്ഥിതികമായി വളരെ അധികം പ്രാധാന്യം ഉണ്ടായിരുന്നിട്ടും, കേരളത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ശ്രമങ്ങള്‍ വളരെ അധികം പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞതാണ്. കൃഷിക്കായുള്ള മരം മുറിക്കൽ, അടിസ്ഥാന സൗകര്യവികസനം എന്നിവയ്ക്കായി മുന്‍കാലങ്ങളിലും മറ്റും ഉണ്ടായ വനനശീകരണം കേരളത്തിന്റെ സൂക്ഷ്മമായ ജൈവവൈവിധ്യസന്തുലിതാവസ്ഥയ്ക്ക് ഭീഷണിയാണ്.
കേരളത്തിലെ സസ്യ-ജൈവവൈവിദ്ധ്യത്തിന്റെ ചരിത്രരേഖയാണ് H.A വാൻറീഡ് തയ്യാറാക്കിയ “ഹോർത്തൂസ് മലബാറിക്കസ്” എന്ന കൃതി. കേരളത്തിന്റെ ജൈവവൈവിധ്യം അതിന്റെ സാംസ്കാരിക സ്വത്വവുമായി ആഴത്തിൽ ഇഴചേർന്നിരിക്കുന്നുവെന്ന് ഈ ഗ്രന്ഥത്തിൽ നിന്ന് മനസിലാക്കാം. “ഹോർത്തൂസ് മലബാറിക്കസിൽ” രേഖപ്പെടുത്തിയിരിക്കുന്ന വൈവിധ്യമാർന്ന സസ്യജാലങ്ങൾ മനുഷ്യരും പരിസ്ഥിതിയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ്. പാരമ്പര്യവൈദ്യശാസ്ത്രം, കൃഷി, ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തനതായ രീതികൾ ജൈവവൈവിധ്യ സമ്പന്നതയിൽ വേരൂന്നിയവയാണ്.
ജൈവവൈവിധ്യ സംരക്ഷണത്തോടുള്ള കേരളത്തിന്റെ പ്രതിബദ്ധത കേവലം സർക്കാരുകളുടെ മാത്രമല്ല, മറിച്ച് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തം കൂടിയാണ്.
കൂടുതല്‍ വിവരങ്ങള്‍
നാഷണല്‍ ബയോഡൈവേര്‍സിറ്റി അതോറിറ്റിയുടെ വെബ് പോര്‍ട്ടല്‍
ഇന്ത്യയുടെ നാഷണല്‍ ബയോഡൈവേര്‍സിറ്റി ആക്ഷന്‍ പ്ലാന്‍
കേരള സംസ്ഥാന ജൈവവൈവിദ്ധ്യബോര്‍ഡ്
കേരള സംസ്ഥാന ബയോഡൈവേര്‍സിറ്റി ആക്ഷന്‍ പ്ലാന്‍ 2022-2032
എന്‍വിസ് കേരള വെബ്സൈറ്റ്