Kerala Forest Department

പരിസ്ഥിതി പുനഃസ്ഥാപനം

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള  വെള്ളപ്പൊക്കം, വരൾച്ച, കനത്ത മഴ തുടങ്ങി, ഇടയ്‌ക്കിടെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ അടുത്ത കാലത്തായി കൂടി കൂടി വരുന്നതായി കാണുന്നു. ജീവനും സ്വത്തിനും കാർഷിക ഉൽപ്പാദനത്തിനും കേരളത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യ സമ്പത്തിനും ഇത്തരം ദുരന്തങ്ങൾ വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇത്തരം സംഭവങ്ങള്‍ അവലോകനം ചെയ്യുകയും വിഷയത്തിന്റെ അടിയന്തിര സ്വഭാവം തിരിച്ചറിഞ്ഞ്  ‘ഇക്കോ റെസ്റ്റോറേഷൻ പോളിസി 2021’ എന്ന പേരിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ സമഗ്രമായ സ്വാഭാവിക വനങ്ങളുടെ പുനസ്ഥാപന നയം കേരള സർക്കാർ 2021-ല്‍ അംഗീകരിച്ചു. കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും പ്രകൃതി വിഭവങ്ങൾക്കു സുസ്ഥിരപരിപാലനം ഉറപ്പാക്കുന്നതിനുമുള്ള ഒരു മാർഗ്ഗരേഖ ആയാണ് ഈ സ്വാഭാവിക വനങ്ങളുടെ പുനസ്ഥാപന നയത്തെ കാണുന്നത്.

1950-1980 കാലഘട്ടത്തില്‍ ഉണ്ടായ ദ്രുതഗതിയിലുള്ള വ്യാവസായികവൽക്കരണത്തിന്റെയും, യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ വിദേശ ഏകവിള തോട്ടങ്ങളുടെ വരവും സംസ്ഥാനത്തെ വനങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി  ബാധിക്കുകയും സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക്  മേല്‍ കടുത്ത ആഘാതം ഏൽപിക്കുകയും ചെയ്തതായാണ് കണക്കാക്കുന്നത്. ഇവയെല്ലാം തന്നെ ഇക്കോറെസ്റ്ററേഷൻ പോളിസിയിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കേരളത്തിലെ ഓരോ പഞ്ചായത്തും മുനിസിപ്പാലിറ്റിയും കോർപ്പറേഷനും ‘കാർബൺ ന്യൂട്രൽ’ പദവി കൈവരിക്കുന്നതിന്റെ പ്രാധാന്യവും ഈ നയത്തില്‍ ഊന്നിപ്പറയുന്നുണ്ട്.  കാർബൺ ബഹിർഗമനം കുറച്ചും സുസ്ഥിരമായ രീതികൾ പ്രോത്സാഹിപ്പിച്ചും  കൂടുതൽ പരിസ്ഥിതി സൗഹൃദ ഭാവി എന്ന ലക്‌ഷ്യം കൈവരിക്കുന്നതിന്  കൂട്ടായ പരിശ്രമം ആവശ്യമാണ്. ഇതിനായി അടിയന്തര നടപടി ആവശ്യമാണെന്ന് തിരിച്ചറിയുകയും പരിസ്ഥിതി പുനരുദ്ധാരണ പദ്ധതികൾ നടപ്പിലാക്കുന്നതിന് കേരള സർക്കാർ മുൻഗണന നൽകുകയും ചെയ്തു വരുന്നു. സംസ്ഥാനം ഇപ്പോൾ അഭിമുഖീകരിക്കുന്ന വിവിധ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാൻ ഈ പദ്ധതികൾക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇക്കോറെസ്റ്ററേഷൻ പോളിസി 2021 പ്രാധാന്യം നല്‍കുന്നത് ഏതൊക്കെ മേഖലകളിലാണ് എന്ന് നോക്കാം.

Read More
Scroll to Top