Kerala Forest Department

പരിസ്ഥിതി പുന:സ്ഥാപന നയം

കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് വനനയങ്ങൾ സമൂലമായ നയവ്യതിയാനത്തിനു വിധേയമാകുകയാണ്. തടിയധിഷ്ഠിത വ്യവഹാരങ്ങളിൽ നിന്നും തടിയിതര വനോൽപ്പന്നങ്ങളുടെ ക്രയവിക്രയത്തിൽ ഊന്നൽ നൽകി ജനകീയ സേവനങ്ങൾ നൽകുന്നതിൽ വകുപ്പ് കൂടുതൽ മുന്നോട്ടുപോകുകയാണ്. ആവാസവ്യവസ്ഥയുടെ സംരക്ഷണം, കാലാവസ്ഥാ വ്യതിയാന നിയന്ത്രണം, ജൈവ വംശീയ വൈവിധ്യങ്ങളുടെ ഏകീകരണം, വനോൽപ്പന്നങ്ങളുടെ വിപണനം തുടങ്ങി നിരവധി ക്ഷേമ പ്രവർത്തനങ്ങളിൽ വനം വകുപ്പ് ലക്ഷ്യമിടുന്നു.
കേരളത്തിലെ വനപരിപാലന ചരിത്രം ഏതാണ്ട് ഒന്നര നൂറ്റാണ്ട് മുമ്പാണ് രൂപം കൊണ്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപര്യം മുൻനിർത്തിയുള്ള വനപരിപാലനത്തിനായിരുന്നു അക്കാലത്ത് മുൻഗണന ലഭിച്ചിരുന്നത്. കൊളോണിയൽ കാലഘട്ടം പിന്നിട്ട്, സ്വതന്ത്രഭാരതം രൂപംകൊണ്ടപ്പോഴും പ്രദേശവാസികൾക്ക് വനത്തിൽ നിന്നുള്ള യാതൊരു മെച്ചപ്പെട്ട പ്രയോജനവും ലഭിച്ചിരുന്നില്ല.
വനത്തിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങളാണ് മുൻപ് വനവാസികൾ ഉൾപ്പെടെയുള്ളവരുടെ ജീവിതവൃത്തി നിറവേറ്റിയിരുന്നത്. വനനയങ്ങൾ ശക്തമായതോടെ, വനത്തിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിക്കപ്പെടുകയും, തൽഫലമായി വനം വകുപ്പും ജനങ്ങളും തമ്മിലുള്ള ബന്ധം സൗഹൃദപരമല്ലാതാകുന്ന അവസ്ഥ സംജാതമായി. വനപരിപാലനവുമായി ബന്ധപ്പെട്ട പരസ്പര വിരുദ്ധമായ വാദഗതികളാണ് നിലവിൽ പലരും പ്രചരിപ്പിക്കുന്നത്. മനുഷ്യ വന്യജീവി സംഘർഷം, കാലാവസ്ഥ വ്യതിയാനം, വികസനോൻമുഖ ആവശ്യതകൾ തുടങ്ങി വർദ്ധിച്ചുവരുന്ന താല്പര്യങ്ങൾ പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു.
സംരക്ഷണത്തിന്റെയും, വികസനത്തിന്റെയും സന്തുലിതാവസ്ഥ സംരക്ഷിച്ചാണ് സംസ്ഥാനം നിലവിൽ മുന്നോട്ടു പോകുന്നത്. പ്രകൃതി വിഭവ സംരക്ഷണത്തിന്റെ കാര്യത്തിൽ കേരളം നിരവധി നൂതന സംരംഭങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനംപോലുള്ള വിനാശകരമായ ദുരന്തങ്ങളിൽ നിന്നും ജീവജാലങ്ങളെ സംരേക്ഷിക്കേണ്ട ബാധ്യത നിറവേറ്റാൻ വനം വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.
വനപരിപാലനത്തിന്റെ അടിസ്ഥാനതത്വം പരിസ്ഥിതിയെ സംരക്ഷിച്ച് ജലസുരക്ഷ മെച്ചപ്പെടുത്തുക എന്നതിലേക്ക് പുന:ക്രമീകരിച്ചിരിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കാൻ നിരവധി സംരംഭങ്ങൾക്ക് വനം വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. 2021 കേരള ഗവൺമെന്റ് “പരിസ്ഥിതി പുനസ്ഥാപനത്തിലൂടെ വനത്തെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുക” എന്ന സുപ്രാധന നയം നടപ്പിലാക്കി വരികയാണ്.
രാജ്യത്ത് തന്നെ ഇത്തരത്തിൽ ആദ്യത്തെ നയപ്രഖ്യാപനമാണ് ഇത്. ആവാസവ്യവസ്ഥയെ തനതായി സംരക്ഷിച്ച് ജലസംരക്ഷണത്തിൽ ഊന്നൽ നൽകുന്ന നയരേഖയായി ഇതിനെ കാണാം. കേന്ദ്ര വനനയത്തിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
വാണിജ്യാടിസ്ഥാനത്തിലുള്ള, വനത്തിന് ഹാനികരവും, ലാഭകരവുമല്ലാത്ത തോട്ടങ്ങൾ നിർത്തലാക്കി തദ്ദേശീയവനവൃക്ഷങ്ങൾ നട്ടുവളർത്തി വനവിസ്തൃതി വർദ്ധിപ്പിക്കുക, തേക്ക് തോട്ടങ്ങളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കൽ, നഗര വനവത്ക്കരണം, തീരദേശ പരിസ്ഥിതി സംരക്ഷണം, ഹരിതാവരണ വർദ്ധനവ് എന്നിവയിലൂടെ കാർബൺ രഹിത സംസ്ഥാനം എന്ന ലക്ഷ്യം നേടാനുള്ള ശ്രമങ്ങൾ അതിവേഗം നടപ്പാക്കിവരികയാണ്. ഇതിന്റെ ഭാഗമായി ആക്ഷൻ പ്ലാനുകൾ ഇതിനകം നടപ്പിൽ വന്നുകഴിഞ്ഞു.
ഇത്തരം നൂതന ആശയങ്ങൾ നടപ്പിലാക്കി പ്രകൃതി പരിപാലനം മികവുറ്റതാക്കാനും, പരിസ്ഥിതിക്ക് അനുയോജ്യമായ വികസനം നടപ്പിലാക്കാനും സാധിക്കുന്നതോടെ ഹരിത സംസ്ഥാനം എന്ന ലക്ഷ്യം നമുക്ക് നേടാനാകും.

Scroll to Top