Kerala Forest Department

ഹെറിറ്റേജ് സൈറ്റ്

ഐക്യരാഷ്ട്ര സഭയുടെ  വിദ്യാഭ്യാസ – ശാസ്ത്ര സാംസ്ക്കാരിക സംഘടനയുടെ (യുനെസ്കോ) മേൽ നോട്ടത്തിൽ പ്രവർത്തിക്കുന്ന ലോക പൈതൃക സമിതിയുടെ സ്വാധീനം ഇന്ത്യയിലെ ജൈവവൈവിധ്യ സംരക്ഷണത്തിന് ക്രിയാത്മകമായ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്.  1972-ൽ യുനെസ്കോ ഉടമ്പടി ചെയ്ത ലോക പൈതൃക ധാരണ 193 രാജ്യങ്ങൾ ഒപ്പുവെച്ച് ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് 1975 ഡിസംബർ 17-ന് നിലവിൽ വന്നു.  37 കേന്ദ്രങ്ങളാണ് ലോക പൈതൃക പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ചത്.  ഇതിൽ 9 എണ്ണം ജൈവവൈവിധ്യ പ്രാധാന്യമുള്ള പ്രദേശങ്ങളാണ്.  2012 ജൂലൈ 1-ന് റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ ചേർന്ന ലോക പൈതൃക സമിതിയുടെ ഉച്ചകോടിയിലാണ് പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.
വൈവിധ്യമാർന്ന സസ്യ ജന്തുജാല സമ്പത്തും വിഭിന്നങ്ങളായ വനനിരകളും വ്യത്യസ്തങ്ങളായ ഭൂപ്രകൃതിയും സവിശേഷതയാർന്ന കാലാവസ്ഥ രീതികളും തനത് ആവാസ വ്യവസ്ഥകളും സംഗമിക്കുന്ന മലനിരകളാണ് പശ്ചിമഘട്ടം. ഇന്ത്യയിൽ ഏറ്റവും പഴക്കം ചെന്നതും ഏറെ വൈവിധ്യം നിറഞ്ഞതുമായ ഗിരിനിരകളാണിത്.   4000-ൽ അധികം സപുഷ്പി സസ്യങ്ങൾ 120-ൽ ഏറെയിനം സസ്തനികൾ, 500-ൽ അധികം പക്ഷിയിനങ്ങൾ, 225-ൽ പരം ഉരഗ ജീവികൾ, 300-ഓളം ശുദ്ധജല മത്സ്യങ്ങൾ, നിരവധിയിനം ചിത്രശലഭങ്ങൾ എന്നിവയെല്ലാം ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.  ഈ ജൈവ സമ്പന്നതയാണ് പശ്ചിമഘട്ടത്തെ ജൈവവൈവിധ്യ ഭൂപടത്തിലെ ഏറ്റവും മികച്ച അതിവൃദ്ധിമേഖലകളിൽ (Mega Bio-diversity Hot spots) ഒന്നായി ലോകം അംഗീകരിക്കുന്നതിന് നിദാനമായത്. പശ്ചിമഘട്ട ഗിരി നിരകൾ  കാലവർഷക്കാറ്റിന്റെ ഗതി നിയന്ത്രിക്കുന്നതുമൂലമാണ് കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യയിൽ കനത്ത മൺസൂൺ മഴ ലഭിക്കുന്നത്.  ഭൂമിയിൽ തന്നെ ഏറ്റവും സവിശേഷമായ കാലാവസ്ഥ പ്രതിഭാസമാണിത്.  ഈ മഴവെള്ളം സംഭരിച്ചാണ് ഈ ഗിരിനിരകളിലെ ഹരിത വനങ്ങൾ നിരവധി നദികൾക്ക് ജന്മമേകുന്നത്.  ഇന്ത്യൻ ഭൂവിസൃതിയുടെ 6% മാത്രം കൈയ്യാളുന്ന പശ്ചിമഘട്ട മലനിരകൾ നിത്യഹരിത വനങ്ങൾ മുതൽ പർവ്വത പ്രദേശങ്ങളിലെ പുൽമേടുകൾ വരെയുള്ള വനവിഭവങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് ആവാസവ്യവസ്ഥാ വൈവിധ്യത്തിൽ ഏറെ മുന്നിട്ടു നിൽക്കുന്നു.

Read More

Scroll to Top