കണ്ടൽക്കാടുകൾ : പ്രകൃതിയുടെകാവൽക്കാർ
തീരപ്രദേശങ്ങളിൽ കരയ്ക്കും വെള്ളത്തിനുമിടയിൽ വളരുന്ന അതിലോലമായ പച്ചപ്പാണ് കേരളത്തിലെ കണ്ടൽക്കാടുകൾ. അവയുടെ പിണഞ്ഞു കൂടികിടക്കുന്ന വേരുകളും ഉപ്പുവെള്ളത്തിലെ വളർച്ചയും സമുദ്രജീവികളുടെ ആവാസവ്യവസ്ഥകളായി മാറുന്നു. എണ്ണമറ്റ ജീവജാലങ്ങൾക്ക് അഭയവും ഉപജീവനവും നൽകുന്നു. ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന സവിശേഷമായ ആവാസവ്യവസ്ഥയാണ് കണ്ടൽക്കാടുകൾ. കരയ്ക്കും കടലിനുമിടയിലുള്ള ഉപ്പുവെള്ളത്തിലാണ് ഈ പ്രത്യേക തണ്ണീർത്തടവനങ്ങൾ തഴച്ചുവളരുന്നത്. ഈ ആവാസവ്യവസ്ഥകളുടെ വൈവിധ്യമാർന്ന ഒരു നിര കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.
അന്തർലീനമായ ജൈവവൈവിധ്യത്തിനപ്പുറം പ്രകൃതിയുടെ സ്വാഭാവിക പ്രതിരോധസംവിധാനമായി കണ്ടൽക്കാടുകൾ പ്രവർത്തിക്കുന്നു. ചുഴലികാറ്റിനെയും വിനാശകരമായ തിരമാലകളെയും പ്രതിരോധിക്കാൻ കെല്പുള്ള അവയുടെ ഇടതൂർന്നവേരുകൾ തീരപ്രദേശങ്ങളുടെ സുസ്ഥിരത നിലനിർത്തുന്നു. മാത്രമല്ല കടൽജലം അരിച്ചെടുത്ത് ഉൾനാടൻ ജലസ്രോതസ്സുകളുടെ ഗുണനിലവാരം ഉയർത്തുന്നു. കൂടാതെ, ഉണങ്ങിയ കണ്ടൽകാടുകൾ പ്രദേശവാസികൾക്ക് വിറകിൻറെ സുസ്ഥിരസ്രോതസ്സായി മാറുകയും ചെയ്യുന്നു.
സംസ്ഥാനത്തുടനീളം കണ്ടൽക്കാടുകൾ വ്യാപകമായി കാണപ്പെടുന്നില്ല. എങ്കിലും കേരളത്തിലെ കണ്ടൽക്കാടുകളിൽ സമൃദ്ധമായ സസ്യ-ജന്തുജാലങ്ങളുണ്ട്. പ്രധാനമായും അഴിമുഖങ്ങൾ, തടാകങ്ങൾ, കായലുകൾ, അരുവികൾ എന്നിവയുടെ മുകൾ പ്രദേശങ്ങളിലാണ് ഈ ആവാസവ്യവസ്ഥ സ്ഥിതിചെയ്യുന്നത്. ഇത് വിവിധ ജീവജാലങ്ങൾക്ക് നിർണായകമായ ആവാസവ്യവസ്ഥ പ്രദാനം ചെയ്യുന്നു. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് എന്നിവയൊഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും കണ്ടൽക്കാടുകൾ വളരുന്നുണ്ട്. എങ്കിലും അവ കൂടുതലായി കാണപ്പെടുന്നത് കണ്ണൂർ ജില്ലയിലാണ്. കേരളത്തിലെ കണ്ടൽക്കാടുകളുടെ ആകെ വിസ്തീർണ്ണം 50 ചതുരശ്ര കിലോമീറ്ററിൽ താഴെ മാത്രമാണെന്ന് കണക്കാക്കപ്പെടുന്നു. 7.55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കണ്ണൂർ ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയകണ്ടൽക്കാടുകൾ സംരക്ഷിക്കുന്നത്.
പാരിസ്ഥികമായ വലിയ മൂല്യമുള്ളപ്പോഴും കേരളത്തിലെ കണ്ടൽക്കാടുകൾ നിരവധി ഭീഷണികൾ നേരിടുന്നു. നഗരവൽക്കരണത്തിനായുള്ള ഭൂമിനികത്തൽ, സുസ്ഥിരമല്ലാത്ത അക്വാകൾച്ചർ രീതികൾ, ഇന്ധനത്തിനും കാലിത്തീറ്റയ്ക്കും വേണ്ടിയുള്ള മരങ്ങൾ വെട്ടിമാറ്റൽ, അവ്യക്തമായ ഭൂവുടമാവകാശം, വിവിധ ഭൂവിനിയോഗരീതികൾ എന്നിവയെല്ലാം ഈ സുപ്രധാന ആവാസവ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമാകുന്നു.
ഈ സുപ്രധാന ആവാസവ്യവസ്ഥകളെ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടത് കേരളത്തിൻറെ തീരപ്രദേശങ്ങളുടെ നിലനിൽപിനും സമീപവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അത്യന്താപേക്ഷിതമാണ്.
പുറംകാഴ്ചയിൽ സാധാരണ സസ്യസമൂഹമെന്നു തോന്നുമെങ്കിലും കേരളത്തിൻറെ സൂക്ഷ്മമായ പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിൽ കണ്ടൽക്കാടുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. തീരദേശ സമൂഹങ്ങളുടെ ജീവിതത്തിൽ കണ്ടൽക്കാടുകൾ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. ദേശാടനപക്ഷികൾക്ക് അവ സുരക്ഷിതമായ ഒരു സങ്കേതമായി വർത്തിക്കുന്നു. നിരവധി മത്സ്യങ്ങളുടെയും കൊഞ്ചുകളുടെയും പ്രജനനകേന്ദ്രമായും, പ്രകൃതിദത്ത ഫിൽട്ടറുകളായും പ്രവർത്തിക്കുന്നു. മാത്രമല്ല മലിനീകരണം നിയന്ത്രിക്കാനും മണ്ണൊലിപ്പ് തടയാനും കണ്ടൽക്കാടുകൾ സഹായിക്കുന്നു. കൂടാതെ, വിവിധ പ്രാദേശികസമൂഹങ്ങൾ വിറക്, കാലിത്തീറ്റ തുടങ്ങിയ വിഭവങ്ങൾക്കായി കണ്ടൽക്കാടുകളെ ആശ്രയിച്ച് വരുന്നുണ്ട്.
കേരളത്തിലെ കണ്ടൽക്കാടുകളുടെ സമ്പന്നമായ ഭൂപ്രകൃതി വിവിധതരം സസ്യജാലങ്ങളാൽ നെയ്തെടുത്തതാണ്. അകാന്തസ് ഇല്ലിസിഫോളിയസ്, അവിസെനിയ അഫിസിനാലിസ്, റൈസോഫോറ അപിക്കുലേറ്റ, സോണറേഷ്യാ കേസോലറിസ് എന്നിവ അതിൽ വളരുന്നവയിൽ ചില ഉദാഹരണങ്ങൾ മാത്രമാണ്. നിർഭാഗ്യവശാൽ, അസിമടെ ട്രാകാന്ത, സെറിയോപ് സ്ടാഗൽ തുടങ്ങിയ നിരവധി ജീവിവർഗ്ഗങ്ങൾ കേരളതീരത്ത് നിന്ന് അപ്രത്യക്ഷമായി. കലമസ് റൊട്ടാങ്, സിസിജിയം ട്രാവൻകോറിക്കം എന്നിവ വംശനാശഭീഷണി നേരിടുന്നുമുണ്ട്. നിർഭാഗ്യവശാൽ, ദ്രുതഗതിയിലുള്ള തീരദേശവികസനംമൂലം കേരളത്തിലെ കണ്ടൽ വനങ്ങൾ കാര്യമായ ഭീഷണി നേരിടുന്നു. കഴിഞ്ഞ 50 വർഷമായി, മനുഷ്യരുടെ കടന്നു കയറ്റം കണ്ടൽക്കാടുകളുടെ ആവരണത്തിൽ ഗണ്യമായ കുറവുണ്ടാക്കി. ഭൂമിയുടെ വിലക്കയറ്റവും ജനസംഖ്യാസമ്മർദവും ഈ ചതുപ്പുനിലങ്ങളെ കൃഷി, മത്സ്യക്കൃഷി പദ്ധതികൾക്കായി പരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ച ഘടകങ്ങളാണ്. അപര്യാപ്തമായ നിയന്ത്രണങ്ങളും നിലവിലെ നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കുന്നതിലെ പരിമിതികളും കണ്ടൽക്കാടുകളുടെ വംശനാശത്തിനിടയാക്കുന്നു.
സ്ഥിതിഗതികളുടെ ഗൗരവം തിരിച്ചറിഞ്ഞ്, കേരളത്തിലെ അവശേഷിക്കുന്ന കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ കേരള വനം വകുപ്പും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും സജീവമായി പ്രവർത്തിക്കേണ്ട സമയം ആസന്നമായിരിക്കുന്നു. ഈ സുപ്രധാന ആവാസവ്യവസ്ഥകളെ സംരക്ഷിക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് സ്വകാര്യഭൂവുടമകളിലും പ്രാദേശികസമൂഹങ്ങളിലും അവബോധം വളർത്തുന്നത് അവശേഷിക്കുന്ന കണ്ടല്കാടുകളുടെ സംരക്ഷണം ഉറപ്പാക്കാം.
തണ്ണീർത്തടങ്ങൾ
കേരളം തണ്ണീർത്തടങ്ങളാൽ സമ്പന്നമാണ്. സംസ്ഥാനത്തിൻറെ ഭൂവിസ്തൃതിയുടെ അഞ്ചിലൊന്ന് ഭാഗവും വൈവിധ്യങ്ങളുടെ കലവറയായ ഈ തണ്ണീർത്തടങ്ങളാണ്. ചതുപ്പുനിലങ്ങൾ, വെള്ളക്കെട്ടുകൾ, കായലുകളോട് ചേർന്ന നെൽപ്പാടങ്ങൾ, തടാകങ്ങൾ, കണ്ടൽകാടുകൾ എന്നിവയെല്ലാം ഈ സമ്പന്നതയ്ക്ക് സംഭാവന നൽകുന്നു. വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട തടാകങ്ങൾ എന്നിങ്ങനെ അന്തർദേശീയ- ദേശീയ പ്രാധാന്യമുള്ള നിരവധി തണ്ണീർത്തടങ്ങൾ കേരളത്തിലുണ്ട്.
അവശ്യസാധനങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്നതിലൂടെ ഈ തണ്ണീർത്തട ആവാസവ്യവസ്ഥകൾ എണ്ണമറ്റ ജീവജാലങ്ങൾക്ക് ആശ്രയമാണ്. എന്നാൽ ദ്രുതഗതിയിലുള്ള നഗരവൽക്കരണം ഈ തണ്ണീർത്തടങ്ങളുടെ സ്വാഭാവിക പരിതസ്ഥിതിയെ വിഘടിപ്പിക്കുകയും സസ്യങ്ങളെ നശിപ്പിക്കുകയും ചെയ്തു. മലിനീകരണം, യൂട്രോഫിക്കേഷൻ (അമിതമായ പോഷകഅളവ്), കയ്യേറ്റം, വികസനത്തിനായുള്ള നികത്തൽ, ഖനനം, ജൈവവൈവിധ്യങ്ങളുടെ നശീകരണം എന്നിവയാണ് ഈ ആവാസവ്യവസ്ഥ നേരിടുന്ന പ്രാഥമിക ഭീഷണികൾ.
ഈ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് സുസ്ഥിരമായ തണ്ണീർത്തടപരിപാലനം ഉറപ്പാക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ മുൻകൈയെടുത്ത് ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതിവകുപ്പിന് കീഴിൽ സ്ഥാപിതമായ സംസ്ഥാന തണ്ണീർത്തട അതോറിറ്റി കേരള (SWAK) ആണ് തണ്ണീർത്തട പരിപാലനത്തിന് മേൽനോട്ടം വഹിക്കുന്നത്. നയവികസനം, റെഗുലേറ്ററി ഫ്രെയിംവർക്സ്, സംയോജിത മാനേജ്മെൻറ്, ശേഷിവർദ്ധിപ്പിക്കൽ, ഗവേഷണം, അവബോധം എന്നിവയിൽ SWAK ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ മൂല്യവത്തായ ആവാസവ്യവസ്ഥകളുടെ സുസ്ഥിരമായ ഉപയോഗവും സംരക്ഷണവും ഉറപ്പാക്കാൻ വിവിധ ഏജൻസികളുമായി SWAK സഹകരിക്കുന്നു.കൂടാതെ വേമ്പനാട്, ശാസ്താംകോട്ട, അഷ്ടമുടി തുടങ്ങിയ പ്രധാന തടാകങ്ങളുടെ പരിപാലന പദ്ധതി കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെൻറ് (KSCSTE) വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിരീക്ഷണത്തിലും സംരക്ഷണ പ്രവർത്തനങ്ങളിലും എൻജിഒകളുടെ സജീവമായ ഇടപെടൽ ഉണ്ട്. സംസ്ഥാനത്തുടനീളമുള്ള പ്രതിബദ്ധതയുള്ള സംഘടനകൾ ബോധവൽക്കരണത്തിലും തണ്ണീർത്തട സംരക്ഷണത്തിനായി ശബ്ദമുയർത്തുകയും ചെയ്യുന്നു.
കേരളത്തിന്റെ ഭൂവിസ്തൃതിയുടെ അഞ്ചിലൊന്ന് ഭാഗങ്ങളിൽ 200-ലധികം തണ്ണീർത്തടപ്രദേശങ്ങളുണ്ട്. സംസ്ഥാനത്തുള്ള 44 നദികളിൽ മൂന്നെണ്ണം കിഴക്കോട്ടും ബാക്കിയുള്ളവ പടിഞ്ഞാറോട്ടുമാണ് ഒഴുകുന്നത്. ഇവയിൽ ഭാരതപ്പുഴക്കും പെരിയാറിനും 200 കിലോമീറ്ററിലധികം നീളവും വലിയ വൃഷ്ടിപ്രദേശങ്ങളുമുണ്ട്. കുറച്ചുകാലം മുൻപ് വരെ തദ്ദേശ്ശഭരണസ്ഥാപനങ്ങൾ ഭരണപരമായ പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ അതിരുകളിലെ നീർത്തടങ്ങളെ പരിഗണിച്ചിരുന്നില്ല. ഇത് അവയുടെ ശോഷണത്തിനു കാരണമായി. എന്നാൽ ഏതെങ്കിലും പദ്ധതിയുടെ ആശയം രൂപപ്പെടുത്തുമ്പോൾ നീർത്തടങ്ങളെ കൂടെ കണക്കിലെടുക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്.
നദികളോടൊപ്പം തന്നെ അണക്കെട്ടുകൾ, ജലസംഭരണികൾ, പാലങ്ങൾ എന്നിവയും കേരളത്തിലെ ജലസേചനം, ഗതാഗതം, വിനോദസഞ്ചാരം എന്നിവയിൽ നിർണായകപങ്ക് വഹിക്കുന്നു. നദികളിൽ നിന്ന് ലഭിക്കുന്ന മറ്റൊരു പ്രധാനനേട്ടമാണ് ജലവൈദ്യുതി. ചാലക്കുടി, പെരിയാർ തുടങ്ങിയ നദികളിലെ ജലം ജലസേചനത്തിനായി പങ്കിടുന്നതിനുള്ള കരാറുകൾ തമിഴ്‌നാടുമായി നിലനിൽക്കുന്നുണ്ട്. പല ചെറിയ ജലസംഭരണികളും നഗരങ്ങളുടെ കുടിവെള്ളസ്രോതസ്സുകളായും പ്രവർത്തിക്കുന്നു.
പൂക്കോട്, ശാസ്താംകോട്ട, വെള്ളായണി എന്നിങ്ങനെ പരിമിതമായ ഉൾനാടൻ തടാകങ്ങളെ കേരളത്തിലുള്ളൂ. കല്ലടയാറിൻറെ കൈവഴിയായ ശാസ്താംകോട്ടതടാകം കൊല്ലം നഗരത്തിന് കുടിവെള്ളം നൽകുന്നു. അതിൻറെ ജലനിരപ്പ് കുറഞ്ഞുവരുന്നത് ഭാവിയിലെ ജലക്ഷാമത്തെക്കുറിച്ച് ആശങ്ക ഉയർത്തുന്നുണ്ട്. മുല്ലപ്പെരിയാർ, ഇടുക്കി തുടങ്ങിയ വലിയ അണക്കെട്ടുകൾ പെരിയാർ നദിയിലെ ജലത്തിൻറെ ഭൂരിഭാഗവും ഉപയോഗിക്കുന്നു. ഇടുക്കിയിൽ ജലവൈദ്യുതി ഉൽപ്പാദിപ്പിക്കുകയും അവിടെനിന്നുവെള്ളം മൂവാറ്റുപുഴയാറിലേക്ക് തുറന്നുവിടുകയും ചെയ്യുന്നു. അണക്കെട്ടുകളില്ലാത്ത കേരളത്തിലെ ഏക നദിയായി ഇത്തിക്കര നദി വേറിട്ടുനിൽക്കുന്നു.
ജലസേചനകനാലുകളോട് ബന്ധപ്പെട്ടോ ആരാധനാലയങ്ങളോട് ചേർന്നോ വീട്ടുപറമ്പുകളിലോ ആയി നിരവധി കുളങ്ങൾ കേരളത്തിലുണ്ട്. വേനലിൽ ജലസേചനത്തിനായി താഴ്വരകളിൽ പ്രത്യേകതരം കുളങ്ങളിൽ വെള്ളം ശേഖരിക്കുന്നു. ശരിയായ ജലവിഭവമാനേജ്മെൻറിന് എല്ലാ കുളങ്ങളുടെയും ടാങ്കുകളുടെയും സമഗ്രമായ ഒരു വിവരപ്പട്ടിക നിർണായകമാണ്. ഉപയോഗശൂന്യമായ ക്വാറികൾ കുളങ്ങളായി മാറി മത്സ്യകൃഷി ഉൾപ്പെടെ വിവിധ ഉപയോഗങ്ങൾ കൈവരുന്നു.
പഴയകാലം മുതലേ സംസ്ഥാനത്തുടനീളം ഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന കനാലുകളുടെ ശൃംഖല നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്നു. റോഡ്, റെയിൽ, വിമാനമാർഗങ്ങളിലുള്ള യാത്രസംവിധാനങ്ങളുടെ വളർച്ചയാണ് കാരണം. അവ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കേരളത്തിൻറെ ജലസ്രോതസ്സുകളെ ഫലപ്രദമായി മനസ്സിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും അവയുടെ സങ്കീർണ്ണതയും പരസ്പരബന്ധവും മനസ്സിലാക്കേണ്ടതുണ്ട്. ജലസേചനം, വൈദ്യുതിഉൽപ്പാദനം, ഗതാഗതം, പാരിസ്ഥിതികആരോഗ്യം, പ്രാദേശികസമൂഹങ്ങളുടെ ഉപജീവനം എന്നിവയുടെ ആവശ്യങ്ങൾ സന്തുലിതമാക്കുന്നത് ഒരുവെല്ലുവിളിയായി ഇപ്പോഴും തുടരവെ ഇവയുടെ സുസ്ഥിരമായ മാനേജ്മെൻറ് ഉറപ്പാക്കാൻ സർക്കാർ ഏജൻസികൾ, എൻജിഒകൾ, പ്രാദേശിക കമ്മ്യൂണിറ്റികൾ എന്നിവ തമ്മിലുള്ള സഹകരിച്ചുള്ള ശ്രമങ്ങൾ അത്യാവശ്യമാണ്.
പുൽമേടുകൾ
പല വർഗങ്ങളിലുള്ള പുല്ലുകളും മറ്റുസസ്യങ്ങളും നിറഞ്ഞ തുറസ്സായ പ്രദേശങ്ങളെന്നതാണ് കേരളത്തിലെ പുൽമേടുകളുടെ സവിശേഷത. വിവിധ ജീവജാലങ്ങളും പാരിസ്ഥിതിക സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ ഈ ആവാസവ്യവസ്ഥകൾ നിർണായകപങ്ക് വഹിക്കുന്നു. ഈ അതുല്യമായ ആവാസവ്യവസ്ഥയിലെ 1500 മീറ്ററിൽ കൂടുതൽ ഉയരത്തിൽ കാണപ്പെടുന്ന ഉയരമുള്ള പുല്ലുകളും വൈവിധ്യമാർന്ന കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശങ്ങളെ സാവന്ന കുറ്റിക്കാടുകൾ എന്ന് വിളിക്കുന്നു.
1800 മീറ്ററിൽ താഴെയാണെങ്കിൽ ഇടത്തരം ഉയരമുള്ള നിത്യഹരിതവനങ്ങൾക്കൊപ്പമാണ് ഈ പുൽമേടുകൾ കാണപ്പെടുന്നത്. ഇവിടങ്ങളിൽ കുള്ളൻ ഈന്തപ്പനകൾക്കൊപ്പം വെൻഡ്‌ലാൻഡിയ ത്രൈസോയിഡിയ, ടെർമിനാലിയ ചെബുല തുടങ്ങിയ മരങ്ങളും കാണപ്പെടുന്നു. 1.5 മീറ്റർ വരെ ഉയരത്തിൽ എത്തുന്ന പുല്ലുകൾ ഇവിടങ്ങളിൽ കാണാം. ആൻഡ്രോപോഗൺ ലിവിഡസ്, ക്രിസോപോഗൺ സെയ്‌ലാനിക്കസ് തുടങ്ങിയ ഇനങ്ങൾ അവയിൽ ചിലതാണ്. ഇടയ്ക്കിടെ കാട്ടുതീ പടരുന്നതോ മൃഗങ്ങൾ മേയുന്നതോ ആയ പ്രദേശങ്ങളിൽ സിംബോപോഗൺ ഫ്ലെക്സുവസ്, ഫേൺ ടെറിഡിയം തുടങ്ങിയ അത്ര ഗുണമില്ലാത്ത ഇനങ്ങൾ വളരുന്നു. പുല്ലുകൾ മാത്രമല്ല ക്രോട്ടലാരിയ, ഡെസ്‌മോഡിയം, ഹൈപ്പരിക്കം തുടങ്ങിയ സസ്യങ്ങളും ഇവിടെ സാധാരണമായി കണ്ടുവരുന്നു. കൂടാതെ മോണോകാർപി ക്കുറ്റിച്ചെടി, ഫ്ലെബോഫില്ലം കുന്തിയാനം എന്നിവയും വളരുന്നു.
1800 മീറ്ററിന് മുകളിലുള്ള പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ആനമല മേഖലയിലെല്ലാം തണുത്ത കാലാവസ്ഥ കാരണം പുൽമേടുകൾ പല മാറ്റങ്ങൾക്കും വിധേയമാകുന്നു. ശൈത്യകാലത്ത് താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയാകുമ്പോൾ പുൽമേടുകളുടെ സവിശേഷതകളിൽ മാറ്റം വരുന്നു. പുല്ലിൻറെ പാളികൾ 1 മീറ്ററിൽ താഴെ ചെറുതായി തീരുകയും ആൻഡ്രോപോഗൺ ഫൗൾകെസി, ക്രിസോപോഗൺ ഓറിയൻറാലിസ് തുടങ്ങിയവ കൂടുതൽ വളരുകയും ചെയ്യുന്നു. ബെർബെറീ സ്റ്റിംക്ടോറിയ, ഗൗലത്തെറിയ ഫ്രാൻഗ്രാന്റീസിമ പോലെയുള്ള കുറ്റിച്ചെടികളും റഹോഡോ ഡെൻഡ്രോണ് അർബോറയം പോലെയുള്ള മരങ്ങളും പുൽമേടിന്റെ മാറ്റ് കൂട്ടുന്നു.
ഈ അതുല്യമായ ആവാസവ്യവസ്ഥ പുല്ലുകൾക്കൊപ്പം വൈവിധ്യമാർന്ന സസ്യസഹജീവികൾക്കും വളരാനുള്ള ഇടമാകുന്നു. പുല്ലുകൾ, കുറ്റിച്ചെടികൾ, ഔഷധസസ്യങ്ങൾ എന്നിവ വളരുന്ന കേരളത്തിലെ ഉയർന്ന പ്രദേശങ്ങളിലെ പുൽമേടുകൾ ആവാസ വ്യവസ്ഥയുടെ വൈവിധ്യങ്ങളെ നിലനിർത്തുന്നതിൽ വനങ്ങളോളം തന്നെ പങ്ക് വഹിക്കുന്നു.
മിരിസ്റ്റിക്ക (വന്യജാതി ചതുപ്പുകൾ) (Myristica Swamps)
തെക്കൻ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന വളരെയോറെ സവിശേഷതയാർന്ന ഒരു ആവാസവ്യവസ്ഥയാണ് വന്യജാതി ചതുപ്പുകൾ(Myristica Swamps) അത്യപൂർവ്വവും പശ്ചിമഘട്ടത്തിലെ തനത് സസ്യജന്തുജാലങ്ങളുടെ നിറസാന്നിദ്ധ്യവുമാണ് പ്രകൃതി-പരിസ്ഥിതി സസ്യശാസ്ത്രജ്ഞന്മാർ ഇവിടെ നടത്തിയ വിവിധ പഠനങ്ങളിൽ കണ്ടെത്തിയത്. 1960-ൽ സസ്യശാസ്ത്രജ്ഞനും വനം വകുപ്പ് ഉദ്യോഗസ്ഥനുമായ കൃഷ്ണമൂർത്തിയാണ് തെക്കൻ പശ്ചിമഘട്ടത്തിൽ തിരുവിതാംകൂർ പ്രദേശത്ത് കുളത്തുപ്പൂഴയിലും, ചെന്തുരുണി വനപ്രദേശത്തും അഞ്ചലിലും ആദ്യമായി ഈ ചതുപ്പുകളെ കണ്ടെത്തിയത്. 1968-ലെ ഇന്ത്യയിലെ വനാന്തരങ്ങളേക്കുറിച്ച് ഹാരിജോർജ്ജ് ചമ്പ്യന്റെയും, എസ്.കെ.സേഥിന്റെയും പരിഷ്ക്കരിച്ച സർവ്വെ റിപ്പോർട്ടിൽ ഈ പുതിയ ആവാസവ്യവസ്ഥയെ വന്യജാതി ചതുപ്പുകൾ എന്ന് നാമകരണം നൽകി അത്യപൂർവ്വ വനമേഖലയായി ഉൾപ്പെടുത്തിയിട്ടുണ്ട്.
നിത്യഹരിതവനങ്ങളിലെ താഴ്ന്ന വിതാനങ്ങളിൽ കെട്ടി നിൽക്കുന്ന ശുദ്ധ ജലചതുപ്പുകളാണ് വന്യജാതിചതുപ്പുകൾ. ഒരു പ്രധാന നീർച്ചാലും അതിനോട് ചേർന്ന ചെറുനീർച്ചാലുകളും ഈ ചുതുപ്പുകളെ വർഷം മുഴുവൻ നനവാർന്നതാക്കുന്നു. ഈ ചാലുകൾ പുറത്തേക്കൊഴുകി മറ്റുചാലുകളും തോടുകളുമായി ഒത്തുചേർന്ന് പുഴകളുടെ കൈവഴികളായി ത്തീരുന്നു. വർഷത്തിൽ ഏതാണ്ട് ഭൂരിഭാഗവും വെള്ളത്തിലാണ്ടുകിടക്കുന്ന ഈ ചതുപ്പുകളിൽ നിത്യഹരിത വനങ്ങളിൽ കാണുന്ന സാധാരണമരങ്ങൾക്ക് വളരാൻ കഴിയുകയില്ല. ശുദ്ധജലചതുപ്പുകളിൽ വളരുവാൻ കഴിയുന്ന ജാതിക്കമരത്തിന്റെ കുടുംബത്തിൽപ്പെട്ട കാട്ടുജാതിക്കമരങ്ങളാണ് ഇവിടെ വളരുന്നത്.
വന്യജാതി ചതുപ്പിൽവളരുന്ന മരങ്ങളുടെ പ്രത്യേകത ഇവയുടെ തായ്ത്തടയിൽ നിന്നും താഴേയ്ക്ക് വളർന്നിറങ്ങുന്ന താങ്ങുവേരുകൾ ഇവയ്ക്ക് ചതുപ്പിൽ ഉറപ്പോടെ നിൽക്കുന്നതിന് സഹായകമാകുന്നു. താങ്ങുവേരുകൾ കൂടാതെ മുട്ടുവേരുകൾ എന്നറിയപ്പെടുന്ന ചെറിയ വേരുകൾ ചതുപ്പിൽ വളയങ്ങൾ തീർത്ത് എഴുന്ന് നിൽക്കുന്നു. ഈ വളയവേരുകളിൽ നിറയെ വായുഅറകളുണ്ട്. കൂനൻ വേരുകൾ എന്നു വിളിയ്ക്കുന്ന ഈ ശ്വസന വേരുകളുടെ സഹായത്തോടെയാണ് വന്യജാതി മരങ്ങൾ ശ്വസിക്കുന്നത്. ഉണ്ടാപ്പയിൻ, ചോരപ്പയിൻ, ചോരപ്പാലി, കൊത്തപ്പയിൻ എന്നിങ്ങനെയുള്ള വന്യജാതിക്ക ഇനത്തിൽപ്പെട്ട മരങ്ങളാണ് ഈ ചതുപ്പുകളിൽ കണ്ടുവരുന്നത്.
തെക്കൻ കേരളത്തിലെ കുളത്തുപ്പുഴ, അഞ്ചൽ തെന്മല, ചെന്തുരുണി ചൂടൽ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തി പങ്കിടുന്ന ശംഖില, വനാന്തരങ്ങളിലെ ശാസ്താംനട, അരിപ്പ, അമ്മയമ്പലംപച്ച, മടത്തറ, വേങ്കൊല്ല, പാലോട് ഓടുചുട്ടപടുക്ക, ഏഴുകുളം, കടമാൻകോട് എന്നിവിടങ്ങളിലായി 53 വന്യജാതിചതുപ്പുകൾ അവശേഷിക്കുന്നു എന്നാണ് ഭൗമശാസ്ത്രഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കേരളത്തിലെ മൊത്തം ഭൂവിസ്ത്യതിയുടെ 0.004% മാത്രം ചതുപ്പുകൾ ഉണ്ടായിരുന്നിട്ടും പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന 16.3% ജീവി വിഭാഗങ്ങളാണ് ഇവിടെ കാണപ്പെടുന്നത്. ജൈവ വൈവിധ്യത്തിന്റെ കാര്യത്തിൽ മറ്റ് ആവാസവ്യവസ്ഥകളേക്കാൾ വന്യജാതിചതുപ്പുകൾ ഏറെ മുന്നിലാണ്. ഇവിടെ രാജവെമ്പാലയടക്കം 55 ഇനം ഉരഗജീവികളും എഴുപതിലേറെയിനം തുമ്പി ഇനങ്ങളും നൂറ്റി അൻപതോളം ചിത്രശലഭങ്ങളും, നൂറ്റി അൻപതിലേറെ പക്ഷിയിനങ്ങളും 44 ഇനം ചിലന്തി ഇനങ്ങളും, ആന കരിങ്കുരങ്ങ്, സിംഹവാലൻ അടക്കം നിരവധി സസ്തനികളുടേയും അവാസ കേന്ദ്രമാണ് ഇത്. ഈ അത്യപൂർവ്വ ആവാസവ്യവസ്ഥയെ പ്രത്യേകം സംരക്ഷണം നൽകി സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.