ഭാരതത്തിലെ വൈവിധ്യമാർന്ന ഭൂപ്രകൃതികളിൽ നിന്നും വ്യത്യസ്ഥമാർന്നതും, വിശ്വാസത്തിൽ അധിഷ്ഠിതമായതുമായ വനസ്ഥലിയാണ് കാവുകൾ. മനുഷ്യസ്പർശമേൽക്കാത്തതും, പ്രാദേശിക സമൂഹത്തിന്റെ വിശ്വാസത്തിന്റെ പ്രതീകവുമാണ് ഗ്രാമങ്ങളിൽ കാണപ്പെടുന്ന ഈ കുഞ്ഞുകാടുകൾ.
മനുഷ്യ കയ്യേറ്റം ഭീതിതമായ രീതിയിൽ പ്രകൃതിയിലെ എല്ലാ മേഖലകളിലും മുന്നേറുമ്പോഴും പാരമ്പര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായി വിശുദ്ധ വനങ്ങൾ എന്ന കാവുകൾ ഇന്നും നിലകൊള്ളുന്നു എന്നത് നമ്മെ വിസ്മയിപ്പിക്കുന്നു.
ജൈവപരവും സാസ്ക്കാരികവും, പാരിസ്ഥിതകവുമായ ഈ ആരണ്യകം, സവിശേഷ പ്രാധാന്യത്തിന്റെ വിളനിലമായി തിളങ്ങുന്നത് നരവംശശാസ്ത്രജ്ഞരുടെയും, ജീവശാസ്ത്രജ്ഞരുടെയും ഇടയിൽ പ്രതിഭാസമായി നിലകൊള്ളുന്നു.
ഓരോ കാവിനും പ്രത്യേക സവിശേഷതയാണുള്ളത്. സമൂഹത്തിന്റെ വിശ്വാസത്തിൽ അധിഷ്ഠിതമായ ആചാരാനുക്രമങ്ങളുടെ അചഞ്ചല വിശ്വാസത്തിന്റെ പ്രതിരൂപങ്ങളാണ് കാവുകൾ. ഇതിനെ ആശ്രയിച്ചു നിരവധി ജീവജാലങ്ങൾ കുടികൊള്ളുന്നു.
പ്രകൃതിദത്ത വനങ്ങളുടെ പാരിസ്ഥിതിക സമ്പന്നതയെ പ്രതിഫലിപ്പിക്കുന്ന അപൂർവ്വവും, തദ്ദേശീയവുമായ ജീവവർഗ്ഗങ്ങളുടെ അമൂല്യ നിധികളായി കാവുകൾ സംരക്ഷിക്കപ്പെടുന്നതായി വിവിധ പഠനങ്ങളിൽ വെളിപ്പെടുത്തുന്നു. പ്രകൃത്യാരാധനയുടെ പ്രത്യക്ഷ ഉദാഹരണമാണ് കാവുകൾ. കേരള വനം വകുപ്പിന്റെയും ജൈവവൈവിധ്യ ബോർഡിന്റെയും പഠനങ്ങളിൽ സംസ്ഥാനത്ത് 1064 കാവുകൾ ഉള്ളതായി കാണക്കാക്കപ്പെടുന്നു. കാവുകളുടെ സംരക്ഷണവും പരിപാലനവും എന്ന വിഷയത്തിൽ നിയമസഭയുടെ പരിസ്ഥിതി സമിതി (2021-23) യുടെ സ്വതന്ത്രപഠനം നടത്തിയ റിപ്പോർട്ടിൽ സംസ്ഥാനത്തെ കാവുകളുടെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുവാൻ ശൂപാർശ നൽകിയിട്ടുണ്ട്.
സാസ്ക്കാരികവും, ചരിത്രപരമായ അടയാളപ്പെടുത്തലുകൾക്കപ്പുറമാണ് കാവുകളുടെ സവിശേഷ പ്രാധാന്യം. പ്രകൃതിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ കാവുകൾ പ്രധാന പങ്കു വഹിക്കുന്നു. കാവുകളിലെ ജീവജാലങ്ങൾ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ കൂട്ടായ്മയാണ്. കാലവാസ്ഥ നിയന്ത്രണം, ജലസംരക്ഷണം, ശുദ്ധവായു, ശുദ്ധജലം എന്നിവ സ്ഥായിയായി നിലനിർത്തുന്നതിനപ്പുറം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ ഉറപ്പാക്കി സമൂഹത്തിന് ക്ഷേമം ഉറപ്പാക്കുന്നു എന്നത് പ്രകൃതിയെ ചൈതന്യവത്താക്കുന്ന പ്രവൃത്തി കൂടിയാണ്.
കാവുകളുടെ സംരക്ഷണം കേരള വനം വന്യജീവി വകുപ്പ് അതീവ പ്രാധാന്യത്തോടെയാണ് വിലയിരുത്തുന്നത്. പ്രകൃതിയ്ക്ക് നൽകുന്ന ഈ അമൂല്യസംഭാവനകൾ പരിഗണിച്ച് കാവുകളുടെ തുടർനിലനിൽപ്പിനായി നിരവധി സംരംഭങ്ങൾ വകുപ്പ് നടപ്പാക്കി വരുന്നു. ‘Protection and Conservation of Sacred Groves’എന്ന പേരിൽ ഈ ദൗത്യം അറിയപ്പെടുന്നു. കാവുകളുടെ സംരക്ഷണവും സമൂഹത്തിന്റെ ഉത്തരവാദിത്തവും സംയോജിപ്പിച്ച് ഈ വിശുദ്ധ വനങ്ങളെ സംരക്ഷിക്കേണ്ട ലക്ഷ്യമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക സമൂഹങ്ങളുടെ അമൂല്യമായ അറിവും, പങ്കാളിത്തവും ഉൾപ്പെടുത്തി ഓരോ കാവിനും വിശദമായ പരിരക്ഷണ പദ്ധതികൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദഗ്ധ സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അപേക്ഷകൾ പരിശോധിച്ച് കാവുകളുടെ സംരക്ഷണം ജൈവവൈവിധ്യ സെൽ ഏകോപിപ്പിക്കുന്നു. കാവുകൾ സന്ദർശിച്ചും സമൂഹ ഒത്തുചേരലുകളിലൂടെയും തിരഞ്ഞെടുത്ത കാവുകളുടെ പാരിസ്ഥിതിക പ്രാധാന്യവും പ്രത്യേകതകളും കേരള വന വിജ്ഞാന ഗവേഷണ കേന്ദ്രം (KFRI) പരിശോധിക്കുന്നു.
വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളുടെ ഹരിത കലവറയാണ് ഈ പഠനത്തിലൂടെ വെളിവാക്കപ്പെടുന്നത്. വിവിധതരത്തിലുള്ള സമൃദ്ധ സസ്യജാലങ്ങൾ, ശുദ്ധജല സ്രോതസ്സുകൾ, അപൂർവ്വ സസ്യകുലങ്ങൾ, ജീവജാലങ്ങൾ, സൂക്ഷ്മജീവികൾ, ചിത്രശലഭങ്ങൾ, പക്ഷികൾ തുടങ്ങിയവ കാവുകളിൽ കൂടികൊള്ളുന്നു.
പാരിസ്ഥിതിക പ്രാധാന്യത്തിനപ്പുറം പ്രാദേശിക സമൂഹങ്ങളുടെ മതപരവും സാമൂഹികവുമായ ഒത്തുചേരലിൽ കാവുകൾ പ്രധാന പങ്ക് വഹിക്കുന്നതായി ഈ പഠനങ്ങൾ വെളിപ്പെടുത്തുന്നു. പൂജകളും ഉത്സവങ്ങളും ഈ പാരമ്പര്യങ്ങളുടെ അവിഭാജ്യഘടകമാണ്. സംരക്ഷണത്തിലും പുനരുജ്ജീവനത്തിലും സ്ത്രീകൾ സജീവമായി പങ്കെടുക്കുന്നത് അഭിനന്ദനീയമാണ്. എന്നിരുന്നാലും മാലിന്യനിക്ഷേപം, കാവ് കയ്യടക്കൽ, വിഭവങ്ങളുടെ അമിതമായ ചൂഷണം, ജലചൂഷണം തുടങ്ങി കാവുകൾ നേരിടുന്ന ഭീഷണികളും പദ്ധതി തിരിച്ചറിഞ്ഞു. ഈ വെല്ലുവിളികളെ നേരിടാൻ വിവിധ മാനേജ്മെന്റ് തന്ത്രങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം ഈ പദ്ധതിയുടെ ഒഴിച്ച് കൂടാനാകാത്ത ഘടകമാണ്. പങ്കാളിത്ത ചർച്ചകളിലൂടെയാണ് നിർദ്ദിഷ്ട മാനേജ്മെൻറ് പ്രവർത്തനങ്ങൾക്കുള്ള തുകകൾ നീക്കിവച്ചിട്ടുള്ളത്. തുടർന്ന് ഓരോ കാവിനും അവയുടെ സാംസ്ക്കാരികവും പാരിസ്ഥിതികവുമായ മൂല്യം, കമ്മ്യൂണിറ്റി സംഭാവനകൾ, സ്ഥാപനപരമായ പിന്തുണാസംവിധാനങ്ങൾ, സാമ്പത്തികവും നിരീക്ഷണാത്മകവുമായ പദ്ധതികൾ എന്നിവ ഉൾപ്പെടുത്തി വിശദമായ മാനേജ്മെന്റ് പ്ലാനുകൾ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻകൈയിൽ തയ്യാറാക്കുന്നു. ഈ പദ്ധതികൾ പിന്നീട് സർക്കാർ പിന്തുണയ്ക്കായി സമർപ്പിക്കപ്പെടും. കേരളത്തിന്റെ ഭൂപ്രകൃതിയിലെ അമൂല്യനിധികളായ കാവുകളെ സംരക്ഷിക്കാനുള്ള സുപ്രധാനമായ ധർമ്മമായി ഇതിനെ വിലയിരുത്താം.